കണ്ണൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു കല്യാണി ജോലി ചെയ്യുന്ന കോളേജിലേക്ക് ശബരിമല കര്‍മ്മസമിതി നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് കര്‍മ്മ സമിതി മാര്‍ച്ച് ഉപേക്ഷിച്ചത്. ബിന്ദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചിരുന്നത്. തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിലേക്കാണ് ശബരിമല കര്‍മ്മ സമിതി മാർച്ച് പ്രഖ്യാപിച്ചിരുന്നത്.

2018 സെപ്തംബര്‍ 22 നാണ് സുപ്രീംകോടതി എല്ലാ പ്രയത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ഷശനത്തിന് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ 2019 ജനുവരി 2 ന് മാത്രമാണ് 44, 45 വയസുള്ള ബിന്ദു അമ്മിണിക്കും കനക ദുര്‍ഗയ്ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചത്. അതിന് മുമ്പ് ശബരിമലയില്‍ കയറാന്‍ ശ്രമിച്ച എല്ലാ യുവതികളെയും സംഘപരിവാര്‍ സംഘടനകള്‍ തടയുകയും അവരുടെ വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും നാമജപ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. 

ശബരിമല പ്രക്ഷേഭം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രവര്‍ത്തകര്‍ എത്താത്തനിനെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നാമജപ മാര്‍ച്ച് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് കേരളത്തില്‍ കലാപ സമാനമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. കലാപം നടത്തിയ ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിന്ദുവിന്‍റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്.