കോട്ടയം: ശബരിമല കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഇടുക്കി പെരുവന്താനം പുത്തന്‍പുരയ്ക്കല്‍ രാജേഷിനെയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ജയചന്ദ്രന്‍ കോട്ടയം ജില്ലയിലേയ്ക്ക് കഞ്ചാവ് കടത്തുന്നതില്‍ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കി.
എരുമേലി ജംഗ്ഷനില്‍വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് ശബരിമലയിലേക്ക് കൊണ്ടുപോവാനാണ് കഞ്ചാവ് കമ്പത്തുനിന്നും കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ശബരിമല ഭക്തര്‍ക്കും അവിടെ തമ്പടിച്ചിട്ടുള്ള വാണിഭക്കാര്‍ക്കും നല്‍കുകയായിരുന്നു ലക്ഷ്യം. ശബരിമലയിലേക്ക് കൊണ്ടുപോവാന്‍ കഞ്ചാവെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എരുമേലി സ്വദേശിയ്ക്ക് കൈമാറി ശബരിമലയില്‍ എത്തിക്കാനായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.
