കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാമെന്നും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരംഭത്തിലേ രോഗം കണ്ടെത്തി ചികിത്സിച്ചാൽ വൈകല്യങ്ങൾ തടയാനും രോഗപ്പകർച്ച ഒഴിവാക്കാനും സാധിക്കും 

തിരുവനന്തപുരം: കൃത്യമായ ചികിത്സയിലൂടെ കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. 2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ 521 രോഗികള്‍ ചികിത്സയിലുണ്ട്. സമൂഹത്തില്‍ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സാധാരണയായി തൊലിപ്പുറമേയുള്ള നിറവ്യത്യാസങ്ങളാണ് ആദ്യമായി കാണുന്നത്. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറത്തിലുള്ളതോ ആയ സ്പര്‍ശനക്ഷമത കുറഞ്ഞ പാടുകള്‍ കുഷ്ഠരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. ചൂട് തണുപ്പ് വേദന എന്നിവയ്ക്കുള്ള സംവേദനക്ഷമതയും നഷ്ടപ്പെടും. കുഷ്ഠരോഗം ബാഹ്യ നാഡികളെ ബാധിക്കുമ്പോള്‍ നാഡികള്‍ക്ക് തടിപ്പ്, കൈകാല്‍ തരിപ്പ്, ബലക്കുറവ്, വേദന ഉണങ്ങാത്ത വ്രണങ്ങള്‍ എന്നിവയും ഉണ്ടാകാം. ബാഹ്യകര്‍ണത്തിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിപ്പുകള്‍ പ്രത്യക്ഷപ്പെടാം.

കേരളത്തിലെ ആരോഗ്യ സൂചികകള്‍ ഏറ്റവും മികച്ചതാണ്. ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കുറവ് മാതൃ ശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണ്. കേരളത്തിലെ ആരോഗ്യ, സാമൂഹിക സംവിധാനങ്ങള്‍ ഏറ്റവും മികച്ചതായതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. ഡോക്ടര്‍ രോഗി അനുപാതം ഏറ്റവും മികച്ചതും കേരളത്തിലാണ്. നമ്മള്‍ എത്ര നാള്‍ ജീവിച്ചാലും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയണം. സംസ്ഥാനത്ത് സ്‌കൂള്‍ ഹെല്‍ത്ത് പരിപാടി ഉടന്‍ നടപ്പിലാക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ശാരീരികവും മാനസികവുമായ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത കെ.പി., ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഡോ. മണികണ്ഠന്‍ ജെ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്, കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രീഷ്മ വി, ഹെഡ്മിസ്ട്രസ് ഗീത ജീ, എസ്എംസി ചെയര്‍മാന്‍ ബ്രിജിത്ത്‌ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.