കോപ്പിയടിയൊഴിവാക്കാന്‍ വിദ്യാർത്ഥിനികളുടെ വസ്ത്രം കീറി പരിശോധിക്കുന്ന സിബിഎസ്ഇ പരീക്ഷാ മൂല്യനിർണ്ണയത്തില്‍ കാണിച്ച നിരുത്തരവാദത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 

ദില്ലി: അബദ്ധങ്ങളുടെ ഘോഷയാത്രയായി സിബിഎസ്ഇ മൂല്യനിർണ്ണയം. കഴിഞ്ഞ വർഷം പത്ത്, പ്ലസ്ടു ക്ലാസിലെ പരീക്ഷാ മൂല്യനിർണ്ണയത്തിലാണ് അബദ്ധങ്ങള്‍ കടന്നു കൂടിയത്. ആദ്യ മൂല്യനിർണ്ണയത്തില്‍ സംപൂജ്യരായ പല വിദ്യാർത്ഥികള്‍ക്കും പുനർ മൂല്യനിർണ്ണയത്തില്‍ ഉയർന്ന മാർക്കോടെ പാസായി. 

ഉറുദു പരീക്ഷയ്ക്ക് പൂജ്യം കിട്ടിയ കുട്ടിയുടെ മാർക്ക് പുനർ മൂല്യനിർണ്ണയത്തിന് കൊടുത്തപ്പോള്‍ കിട്ടിയത് 37 മാർക്ക്. കോട്ടയത്തെ ഒരു വിദ്യാർത്ഥിനിക്ക് കണക്കിന് കിട്ടിയത് 75 മാർക്ക്. പുനർമൂല്യനിർണ്ണയത്തില്‍ ഇത് 95-ായി മാറി. ഡല്‍ഹിയില്‍ പരീക്ഷയെഴുതിയ വിദ്യാർത്ഥിനി 16 മാർക്ക് വാങ്ങി തോറ്റുപോയ ഇംഗ്ലീഷ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തില്‍ കിട്ടിയത് 80 മാർക്ക് !!! 

മറ്റെല്ലാ വിഷയങ്ങള്‍ക്കും എ+ കിട്ടിയ കുട്ടിക്ക് കണക്കിന് കിട്ടിയത് 42. ഇത് പുനർമൂല്യനിർണ്ണയത്തില്‍ 90 മാർക്കായി ഉയർന്നു. സാമ്പത്തീക ശാസ്ത്രത്തിന് 9 മാർക്ക് വാങ്ങി തോറ്റ വിദ്യാർത്ഥിക്ക് 45 മാർക്കായി ഉയർന്നു. രസതന്ത്രത്തിന് 45 കിട്ടിയത് 90 മാർക്കായി. ഇങ്ങനെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കൊണ്ടാണ് സിബിഎസ്ഇയുടെ മൂല്യനിർണ്ണയം നടന്നത്. കൂട്ട തോല്‍വി നേരിട്ട കുട്ടികള്‍ പുനർമൂല്യനിർണ്ണയത്തിനാവശ്യപ്പെട്ടതോടെയാണ് മാർക്കിലെ കള്ളകളികള്‍ പുറത്തുവന്നത്. 

തെറ്റ് ഒഴിവാക്കാനായി രണ്ട് തവണ മൂല്യനിർണ്ണയും നടത്തുന്ന സിബിഎസ്ഇയുടെ മൂല്യനിർണ്ണയത്തിലാണ് ഗുരുതരമായ പിഴവി സംഭവിച്ചത്. പലതും മാർക്കുകള്‍ കൂട്ടിയിടുന്നതില്‍ സംഭവിച്ചതാണെങ്കില്‍ നിരവധി പേരുടെ ഉത്തരക്കടലാസിലെ പല ഷീറ്റുകളും മൂല്യനിർണ്ണയം നടത്തിയിട്ടേയില്ല. 

നേരത്തെ പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഏറെ വിമർശനം നേരിട്ടിരുന്നു. പല പരീക്ഷകളും വീണ്ടും നടത്തേണ്ടിവന്നു. ഇതിന് പുറകേയാണ് മൂല്യനിർണ്ണയത്തില്‍ സിബിഎസ്ഇ ഗുരുതര പിഴവ് കാണിക്കുന്നത്. കോപ്പിയടിയൊഴിവാക്കാന്‍ വിദ്യാർത്ഥിനികളുടെ വസ്ത്രം കീറി പരിശോധിക്കുന്ന സിബിഎസ്ഇ പരീക്ഷാ മൂല്യനിർണ്ണയത്തില്‍ കാണിച്ച നിരുത്തരവാദത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.