ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ സഹോദരിക്ക് നേരെ വിമാനയാത്രക്കിടെ ലൈംഗിക അതിക്രമം. ലോസ് ആഞ്ചലസിൽ നിന്ന് മെക്സിക്കോയിലെ മസാറ്റ്ലാനിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ വിമാനത്തിലാണ് സംഭവം. ഫേസ്ബുക്കിലൂടെ സുക്കർബർഗിന്റെ സഹോദരി റാണ്ടി സുക്കർബർഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അലാസ്ക എയർലൈൻസ് യാത്രക്കിടെ കോപവും വെറുപ്പും അപമാനവും തോന്നിക്കുന്ന അനുഭവമാണ് തൊട്ടടുത്തിരുന്ന യാത്രക്കാരനിൽ നിന്നുണ്ടായതെന്ന് റാണ്ടി പറയുന്നു. ആഭാസകരവും ലൈംഗികവുമായ പരാമർശങ്ങളും പ്രവൃത്തികളും അയാൾ ആവർത്തിച്ചു. അതൃപ്തി അറിയിച്ചും കുറ്റവാളിക്കെതിരെ നടപടി ആവശ്യപ്പെട്ടും എയർലൈൻസ് അധികൃതർക്ക് അയച്ച കത്തും റാണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കാര്യം എയർഹോസ്റ്റസിനെ അറിയിച്ചപ്പോൾ അയാൾ സ്ഥിര യാത്രക്കാരനാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. അയാളുടെ അടുത്തിരുന്നുള്ള യാത്ര സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും എയർ ഹോസ്റ്റസ് ഒന്നും ചെയ്തില്ല. അവസാന നിമിഷം മറ്റൊരു വശത്തെ സീറ്റിലേക്ക് മാറാമെന്ന് പറഞ്ഞു. അപമാനിക്കപ്പെട്ട ശേഷം ഞാൻ എന്തിന് മാറിയിരിക്കണം എന്ന് റാണ്ടി പോസ്റ്റിൽ ചോദിക്കുന്നു.
നിർത്താതെ മോശം സംസാരം നടത്തിക്കൊണ്ടിരുന്ന അയാൾ വിമാനത്തിലെ മറ്റ് സ്ത്രീ യാത്രക്കാരുടെ ശരീരത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. സംഭവമറിഞ്ഞ അലാസ്ക എയർലൈൻ അധികൃതർ സുക്കർബർഗിന്റെ സഹോദരിയെ ബന്ധപ്പെടുകയും അന്വേഷിച്ച് നടപടിയെടുക്കാമെന്നും അയാളുടെ യാത്രാവകാശം റദ്ദ് ചെയ്യുമെന്നും ഉറപ്പുനൽകി.






