‘പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ 

ലക്നൗ: പൊതുസ്ഥലത്ത് നിസ്കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍ പ്രദേശ് പൊലീസ് ഉത്തരവിനെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ആര്‍എസ്എസ്എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാര്‍കണ്ഡേയ കട്ജു പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്ന് മാര്‍കണ്ഡേയ കട്ജു വ്യക്തമാക്കി. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ യുപി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

‘പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ ‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ അദ്ദേഹം പറയുന്നു. 

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ നിസ്കരിക്കുന്നത് വിലക്കി പൊലീസ് ഉത്തരവിറക്കിയിരുന്നു. തൊഴിലാളികള്‍ (ജീവനക്കാര്‍) വിലക്ക് ലംഘിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം അതാത് കമ്പനികള്‍ക്ക് ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നോയിഡയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ നിരവധിയുള്ള സെക്ടര്‍ 58ലും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതോടെ ഉത്തര്‍പ്രദേശിലെ വ്യാവസായിക മേഖല ആകെ ആശങ്കയിലാണ്. ജീവനക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ കമ്പനി എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികള്‍ ഉയര്‍ത്തുന്ന സംശയം.

സാമുദായിക ഐക്യം തകരാതിരിക്കാനാണ് പുതിയ ഉത്തരവെന്നാണ് പൊലീസ് ഭാഷ്യം. പാര്‍ക്കുകളിലും മറ്റും ജീവനക്കാര്‍ നിസ്കരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിച്ച് പള്ളികളിലോ തങ്ങളുടെ ഓഫീസ് പരിസരത്തോ നിസ്കരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.