കൊച്ചി: വിദേശത്തുള്ള മലയാളി ദമ്പതികളുടെ വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാവുന്നതാണെന്ന് ഹൈക്കോടതി. അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന ഹര്‍ജിയിലാണ് അനുകൂല വിധി. 

Add Asianetnews as a Preferred SourcegooglePreferred

2000 ജനുവരി 23ന് കൊല്ലം കടവൂരിലെ പള്ളിയില്‍വെച്ചാണ് ഇവര്‍ വിവാഹിതരായത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിചെയ്ത പ്രദീപ് പിന്നീട് അയര്‍ലന്‍ഡില്‍ ജോലിക്ക് ചേര്‍ന്നു. കുടുംബത്തെയും കൊണ്ടുപോയി. പ്രദീപ് ജോലിചെയ്ത സ്ഥാപനം 2006ല്‍ അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റി. അങ്ങനെ പ്രദീപും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റി. അവിടെ പ്രദീപിന് സ്ഥിരം താമസക്കാരനെന്ന പദവി ലഭിച്ചെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടിയില്ല. അതിനായി അപേക്ഷിക്കാന്‍ നാട്ടിലെ വിവാഹസര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വഴി കൊല്ലത്തെ വിവാഹരജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. 17 കൊല്ലം മുന്‍പ് പള്ളിയിലെ വിവാഹം സ്ഥിരീകരിച്ച രജിസ്ട്രാര്‍ ദമ്പതിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, അമേരിക്കയില്‍ വിസ വ്യവസ്ഥകളില്‍ വലിയ മാറ്റംവന്ന സമയമായതിനാല്‍ നാട്ടില്‍ വന്നാല്‍ തിരികെച്ചെല്ലാന്‍ വിഷമം നേരിട്ടേക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹരജിസ്‌ട്രേഷന്‍ നടത്തിനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷ ദമ്പതിമാരുടെ അറിവോടെയാണെന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉറപ്പാക്കി രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കാനാണ് കോടതിയുടെ നിര്‍ദേശം. വിവാഹ രാജിസ്ട്രാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കി. വിവാഹരജിസ്റ്ററില്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി അവരുടെ മുക്ത്യാര്‍ക്ക് ഒപ്പിടാമെന്നും കോടതി വ്യക്തമാക്കി. 

നിയമം സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമൊപ്പം മുന്നോട്ടുനീങ്ങണമെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞു. നിന്നിടത്തുതന്നെ നില്‍ക്കരുത്. സമൂഹത്തിലെ മാറ്റങ്ങളോട് പ്രതികരിക്കുന്നതില്‍ നിയമം പരാജയപ്പെട്ടാല്‍ സാമൂഹികപുരോഗതിക്ക് തടസ്സമാകും. സാമൂഹികമാറ്റം ശക്തമാണെങ്കില്‍ പുരോഗതിക്ക് തടസ്സമാകുന്ന നിയമത്തെ തട്ടിയെറിയുമെന്നും കോടതി ഓര്‍മിപ്പിച്ചു. ഇരുവരുടെയും അറിവോടെയാണ് രജിസ്‌ട്രേഷന്‍ എന്ന് ഉറപ്പാക്കാനാണ് നേരിട്ടെത്താന്‍ നിര്‍ദേശിക്കുന്നത്. അക്കാര്യം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും ഉറപ്പാക്കാനാവും. കിമിനല്‍ വിചാരണ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടപ്പാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കേ വിവാഹരജിസ്‌ട്രേഷനെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യമായോ എന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രാദേശിക രജിസ്ട്രാര്‍ക്ക് ഉറപ്പാക്കാമെന്നതില്‍ സംശയമില്ല കോടതി അഭിപ്രായപ്പെട്ടു.