യുവാവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി താലികെട്ടിച്ചു. ബിഹാറിലാണ് സംഭവം. ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലെ എഞ്ചിനീയറായ 29കാരനെയാണ് തട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. പട്‌നയിലെ പാണ്ഡരാക് പ്രദേശത്താണ് സംഭവം.
വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സഹായം തേടുന്ന വരന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. താലി ചാര്‍ത്താന്‍ വിമുഖ കാട്ടുന്ന ഇയാളെ മര്‍ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജറായ വിനോദ് കുമാറാണ് ഇങ്ങനൊരു വിവാഹത്തിന് ഇരയായത്.
എല്ലാ മാസവും സാധാരണ വീട്ടിലെത്താറുള്ള വിനോദ് കഴിഞ്ഞ മാസം എത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ സഞ്ജയ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. സഹോദരന്റെ വിവാഹത്തെ കുറിച്ച് ഒരു അജ്ഞാത സന്ദേശം വന്നകാര്യവും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു.

ഹാട്ടിയ-പട്‌ന ട്രെയിനില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഡിസംബര്‍ മൂന്നിന് സഹോദരന്‍ പട്‌നയിലേക്ക് പുറപ്പെട്ടതാണ്. അവിടെ വച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ മൊക്കാമയിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചു എന്നാണ് സഹോദരന്‍റെ പരാതി.

