കേന്ദ്ര ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി സൂരജാണ് പോലീസിന്റെ പിടിയിലായത്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാളില്‍ നിന്ന് നിരവധി വ്യാജ രേഖകളും എയര്‍ പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട റാന്നി വെച്ചൂച്ചിറ സ്വദേശിയായ യുവതിയെ ആണ് സൂരജ് കഴിഞ്ഞ മാസം വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ അയല്‍വാസി കൊടുത്ത പരാതിയില്‍ വനിത സി.ഐ ഉദയമ്മ വീട്ടിലെത്തി നടത്തിയ മൊഴിയെടുപ്പാണ് നിര്‍ണായകമായത്. ഐ.ബി ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ സൂരജ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന സംശയമാണ് തട്ടിപ്പുകാരനെ കുടുക്കിയത്. എയര്‍ പിസ്റ്റലും തിരകളും പ്രതിയുടെ കൈയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കു പുറമെ ഇപ്പോള്‍ താന്‍ സസ്‌പെന്‍ഷനിലാണെന്ന് സ്ഥാപിക്കുന്നതിന് ഇയാള്‍ വ്യാജ സസ്‌പെന്‍ഷന്‍ ഉത്തരവും തയ്യാറാക്കിയിരുന്നു.
പ്ലസ് ടു യോഗ്യതയുള്ള ഇയാള്‍ എറണാകുളം പത്തനംതിട്ട ജില്ലകളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിനോക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചത്. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, അനധികൃതമായി ആയുധം കയ്യില്‍ വയ്‌ക്കല്‍ എന്നിവയ്‌ക്കാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സൂരജ് മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
