പെണ്‍കുട്ടികളുടെ സങ്കല്‍പങ്ങളിലും കാഴ്ച്ചപ്പാടിലും വന്ന മാറ്റവും വിദ്യാഭ്യാസരംഗത്ത് സ്ത്രീകള്‍ക്കുണ്ടായ മുന്നേറ്റവും പ്രതിസന്ധി സൃഷ്ടിച്ചെന്ന് വിലയിരുത്തല്‍  

കാസർ​ഗോഡ്: കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്ന പുരുഷന്മാരുടെ സംഗമം നടത്തി കുടുംബശ്രീ പ്രവർത്തകർ. കാസർഗോഡ് മടിക്കൈ പഞ്ചായത്തിലാണ് പുര നിറഞ്ഞ് നിൽക്കുന്ന പുരുഷൻമാരുടെ സംഗമം നടന്നത്. പ്രായം കടന്നിട്ടും വിവാഹം നടക്കാത്ത പുരുഷൻമാർക്കായാണ് സംഗമം. കൂട്ടായ്മയ്ക്ക്മുൻകൈ എടുത്തതും പരിപാടി സംഘടിപ്പിച്ചതും സ്ത്രീകളാണ്.

ഈ സാമൂഹിക പ്രശ്നത്തിൽ തുറന്ന ചർച്ചയ്ക്ക് വേദി ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. പെൺകുട്ടികളുടെ വിവാഹ ‍സങ്കൽപ്പങ്ങൾ മാറിയെന്നാണ് ചർച്ചയിൽ ഉയർന്ന പൊതുഅഭിപ്രായം. സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് പുരുഷൻമാരുടെ മാർക്കറ്റ് ഇടിച്ചതെന്നും പുരുഷാധിപത്യ ലോകത്തിൽ നിന്നുള്ള തിരിച്ചു നടത്തമാണിതെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ‌

സാമൂഹ്യ മാധ്യമങ്ങളും മറ്റും സൃഷ്ടിച്ച പുതിയ പ്രവണതയാണിതെന്നും നിരീക്ഷണമുയർന്നു. അവിവാഹിതരായ പുരുഷൻമാർക്കായി സംഘടിപ്പിച്ച പരിപാടിക്ക് കൂടുതലായെത്തിയത് സ്ത്രീകളായിരുന്നു എന്നതും കൗതുകമുയർത്തി. വധുവിനെ കിട്ടാത്ത പ്രശ്നത്തെക്കുറിച്ച് നീണ്ട ചർച്ചയെല്ലാം നടന്നെങ്കിലും ഇതിനൊരു പരിഹാരം നിർദേശിക്കാൻ ചർച്ചയിൽ പങ്കെടുത്ത ആർക്കും സാധിച്ചില്ല. എന്തായാലും ഇനിയെങ്കിലും പെണ്ണ് കെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സംഗമത്തിനെത്തിയ പുരുഷൻമാർ പിരിഞ്ഞത്.