മാവേലിക്കര: ജമ്മുവില്‍ പാകിസ്ഥാന്‍റെ ആക്രമണത്തില്‍ മരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാവേലിക്കര പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് സൈനിക ബഹുമതികളോടെയാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് രാവിലെ ഒന്പതരയോടെ മൃതദേഹം മാവേലിക്കരയിലെത്തിക്കും. 

സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ജമ്മുവിലെ അഖ്നൂര്‍സുന്ദര്‍ബനിയിലുണ്ടായ പാക് ആക്രമണത്തില്‍ വെള്ളിയാഴ്ചയാണ് സാം എബ്രഹാം മരിച്ചത്. മ‍ൃതദേഹം ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.