പ്രമുഖ സാഹിത്യകാരൻ സേതുവിന്‍റെ മറുപിറവി എന്ന നോവലിന് വീഡിയോ ടീസര്‍. മറുപിറവി എന്ന നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷക്കുവേണ്ടിവേണ്ടിയാണ് ടീസർ. പ്രാചീന മുസിരിസ് തുറമുഖവും കേരളത്തിലെ സുഗന്ധ വ്യഞ്ജന വ്യാപാരവും പ്രമേയമാകുന്ന നോവലിന്‍റെ മനോഹരമായ ടീസർ തയ്യാറാക്കിയത് പരസ്യസംവിധായകനായ അനിൽ പുന്നാട് ആണ്.

ഒരു തീരത്തിന്‍റെ മറുപിറവിയുടെ കഥയാണ് സേതുവിന്‍റെ നോവൽ. ഒപ്പം മുസിരിസ് എന്ന തീരപട്ടണവും ലോകരാജ്യങ്ങളുമായുളള കേരളത്തിന്‍റെ പ്രാചീന വാണിജ്യബന്ധവും കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്നു. മലയാളി വായനക്കാർക്കുമുന്നിൽ ഏതാനം വര്‍ഷങ്ങൾക്കു മുന്പെത്തിയ മറുപിറവി സാഗാ ഓഫ് മുസിരിസ് എന്ന പേരിലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
തന്‍റെ പുസ്തകങ്ങൾക്ക് പ്രകാശന ചടങ്ങ് പോലും സംഘടിപ്പിക്കാത്ത കഥാകാരനാണ് സേതു. പക്ഷേ മറുപിറവി പോലെ തന്നെ മാറിയ കാലത്തിനൊപ്പം താനും സഞ്ചരിക്കുകയാണെന്ന് കഥാകാരൻ പറയുന്നു.
നിയോഗി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകം വൈകാതെ തന്നെ പുസ്തകശാലകളിലെത്തും. മുസിരിസ് എന്ന മൺമറഞ്ഞുപോയ കേരളത്തിലെ തീരപട്ടണത്തിന്‍റെ ചരിത്രം സാഗാ ഓഫ് മുസിരിസിലൂടെ ലോക വായനക്കാർക്ക് മുന്നിൽ എത്തിക്കുന്നതിന് മുന്നോടിയാണ് ഇപ്പോൾ ടീസർ.
