മൺസൂൺ കാലമായിട്ടും ബംഗളൂരു നഗരത്തിൽ വേനൽക്കാലത്തിന് സമാനമായ കടുത്ത ചൂട്. 112 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയത്. ഇത് നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കാരണമായിട്ടുണ്ട്.
ബംഗളൂരു: മൺസൂൺ കാലമായിട്ടും കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം നഗരത്തിൽ രേഖപ്പെടുത്തിയത്. സാധാരണയായി തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുള്ള ഈ സമയത്ത് 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 112 വർഷങ്ങൾക്ക് മുൻപാണ് ജൂലൈ മാസത്തിൽ താപനില ഇത്രയും ഉയർന്നിട്ടുള്ളത്.
ബംഗളൂരു സിറ്റി സ്റ്റേഷനിൽ 33.6 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇത് സാധാരണ ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശരാശരി താപനിലയേക്കാൾ 5.3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. നഗരത്തിലെ മറ്റ് സ്റ്റേഷനുകളായ ബംഗളൂരു HAL എയർപോർട്ടിൽ 34 ഡിഗ്രി സെൽഷ്യസും, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് 32.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. കാർവാറിൽ 33.6 ഡിഗ്രി സെൽഷ്യസും, ഹോന്നാവറിൽ 31.8 ഡിഗ്രി സെൽഷ്യസും, മംഗളൂരു സിറ്റിയിൽ 31.7 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. മൈസൂരുവിൽ 34 ഡിഗ്രി സെൽഷ്യസും, മാണ്ഡ്യയിൽ 33.4 ഡിഗ്രി സെൽഷ്യസും, ചിത്രാദുർഗയിൽ 32.4 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില. അതേസമയം മലനാട് മേഖലയായ അഗുംബെയിൽ താരതമ്യേന കുറഞ്ഞ ചൂടാണ് (27.2 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെട്ടത്.
ചരിത്രരേഖകൾ പ്രകാരം 1914-ലും പിന്നീട് 100 വർഷങ്ങൾക്ക് മുൻപ് 1926-ലുമാണ് ഇതിന് മുൻപ് ജൂലൈയിൽ താപനില 33 ഡിഗ്രി സെൽഷ്യസ് തൊട്ടിട്ടുള്ളത്. മൺസൂൺ പാതിവഴി പിന്നിട്ടിട്ടും മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതും നഗരവാസികളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഉയരുന്ന ചൂടിനൊപ്പം നഗരത്തിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. കുടിവെള്ളക്ഷാമം നേരിടാൻ വാട്ടർ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കാവേരി നദിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. കാവേരി ജലം കുടിവെള്ള ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് (വാഹനം കഴുകൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ) ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


