നല്ലതായാലും ചീത്തയായാലും ഒരു വാർത്തയെ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ട്രോൾ രൂപത്തിലായിരിക്കും. വനിതാ ബോക്സിം​ഗ് താരം മേരി കോമിന്റെ ചരിത്ര നേട്ടമാണ് ഇപ്പോൾ ട്രോൾ ​ഗ്രൂപ്പുകളിലെമ്പാടും നിറയുന്നത്. ലോക ബോക്സിം​ഗ് ചാമ്പ്യൻ ഷിപ്പിൽ ആറാം സ്വർണ്ണ നേട്ടം കരസ്ഥമാക്കിയ മേരികോം ആണ് ഏറ്റവും പുതിയ വാർത്താ താരം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയ ട്രോളുകൾ മേരി കോമിന്റെ നേട്ടത്തെ ആഘോഷമാക്കുന്നത്. 

മേരി കോം ബോക്സിം​ഗിൽ സ്വർണ്ണം നേടിയെന്ന് പറയുന്ന മകളോട് നീ പോയി അടുക്കളേലെ പണിയൊതുക്ക്, നാമജപത്തിന് പോകാനുള്ളതാ എന്ന് അമ്മ പറയുന്നത് പോലെയുള്ള ആക്ഷേപ ഹാസ്യമാണ് എല്ലാ ട്രോളുകളിലും നിറയുന്നത്. ശബരിമല സ്ത്രീ പ്രവേശനവും നാമജപഘോഷയാത്രയും കുലസ്ത്രീ പ്രയോ​ഗവും ആണ് ട്രോളിന് കാരണമായിട്ടുള്ള പ്രധാന വിഷയങ്ങൾ.

ലോകചാമ്പ്യൻഷിപ്പിൽ ആറാം സ്വർണ്ണം നേടുന്ന വനിതാ താരം എന്ന റെക്കോർഡും കൂടിയാണ് മേരി കോം സ്വന്തമാക്കിയത്. ഉക്രൈൻ താരം ഹന്ന ഓക്കോട്ടയെയാണ് മേരികോം തോൽപിച്ചത്. ഐസിയു പോലെയുള്ള ട്രോള്‍ ഗ്രൂപ്പുകളാണ് ഈ ട്രോളുകള്‍ക്ക് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇവ ഷെയര്‍ ചെയ്യുന്നത്.