അതിശൈത്യം അനുഭവപ്പെടുന്ന ഉത്തര ദ്രുവത്തിലെ ആര്‍ട്ടിക് സമുദ്രത്തില്‍ ഡൈവ് ചെയ്യാന്‍ ഒരു മനുഷ്യന് പരമാവധി സാധിക്കുന്ന സമയം ഏതാണ്ട് അര മണിക്കൂറാണ്. മൂന്ന്‍ വനിതകള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് മാത്രമേ ഇതുവരെ അതിനു സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ ഏപ്രില്‍ പതിനാലിന് അര മണിക്കൂറോളം ഈ ഐസ് വെള്ളത്തില്‍ ഡൈവ് ചെയ്ത മറിയം ഫിര്‍ദൌസ് എന്ന സൗദി യുവതി ഈ ശ്രമത്തില്‍ വിജയിക്കുന്ന ആദ്യത്തെ അറബ് വനിതയായി. ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍ കൂടെ, സുഹൃത്ത് ഹുസ്സാം ശുക്രി എന്ന സൗദി യുവാവും ഉണ്ടായിരുന്നു. സമുദ്രത്തില്‍ മുപ്പത് മീറ്ററോളം ആഴത്തില്‍ ഇവര്‍ ഡൈവ് ചെയ്തു.

ഒരു വര്‍ഷത്തോളം നീണ്ട പരിശീലനത്തിന് ശേഷം റഷ്യയില്‍ നിന്നും നോര്‍വേ വഴി ഹെലികോപ്റ്ററില്‍ ഉത്തര ദ്രുവത്തിലെത്തി. -28 ഡിഗ്രീ സെല്‍ഷ്യസ് കാലാവസ്ഥയില്‍ ഐസ് കട്ടകള്‍ക്കിടയില്‍ തമ്പ് കെട്ടിയുണ്ടാക്കി അഞ്ച് ദിവസം താമസിച്ചു. ഉത്തര ദ്രുവത്തില്‍ സൗദി പതാക നാട്ടി. ശുഭാപ്തി വിശ്വാസവും ആത്മാര്‍ഥമായ ശ്രമവും ഉണ്ടായാല്‍ ഏത് അറബ് വനിതക്കും ഇത്തരം വെല്ലുവിളികളെ നേരിടാന്‍ സാധിക്കുമെന്ന് മറിയം വിശ്വസിക്കുന്നു. ഒരു പീഡിയാട്രിഷന്‍ കൂടിയായ ഡോ.മറിയം ഫിര്‍ദൗസിന്റെ പ്രധാന ഹോബിയും സ്കൂബാ ഡൈവിങ് തന്നെയാണ്.