ഇടുക്കി: മറയൂർ കീഴാന്തൂർ സ്വദേശികളായ മൂന്നംഗ കുടുംബത്തെ ഉദുമലൈ പേട്ട റയിൽവേ പാളത്തിനു സമീപം വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യവയസ്കരായ ദമ്പതികളും പതിനെട്ടുകാരിയായ മകളുമാണ് മരിച്ചത്. മകൻ അന്യജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിൽ മനംനൊന്ത ദമ്പതികൾ മകളെയും കൂട്ടി ആത്മഹത്യ ചെയ്തതായാണ് നിഗമനം. കാന്തല്ലൂര്‍ ഗ്രമപഞ്ചായത്തിലെ അഞ്ചുനാട് ഗ്രാമങ്ങളിലൊന്നായ കീഴാന്തൂര്‍ ഗ്രാമത്തിലെ സി.റ്റി മുരുകന്‍ (55) മുത്തുലക്ഷ്മി(45) മകള്‍ ഭാനൂപ്രിയ(20) എന്നിവരാണ് കൂട്ട ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച്ച കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട മുരുകനെയും കൂടുംബത്തെയും കാണാതയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ മറയൂരില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലയുള്ള ഉദുമലപേട്ടക്ക് സമീപം കൊഴുമം ഭാഗത്തെ റെയില്‍വേ ട്രാക്കിന് സമീപത്ത് അവശനിലയില്‍ മുരുകനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇയാളെ ഉദുമല്‍പേട്ട ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു.

പിന്നീട് റെയില്‍വേ ട്രാക്കിന് സമീപം കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നും ഉദുമലപേട്ടയിലെത്തിയവര്‍ നടത്തിയ തിരച്ചിലിലാണ് റെയില്‍വേ ട്രാക്കിനൊട് ചേര്‍ന്ന കൂറ്റിക്കാട്ടില്‍ മുത്തുലക്ഷ്മിയെയും മകള്‍ ഭാനുപ്രിയയെയും മരിച്ച നിലയില്‍കണ്ടെത്തിയത്. ഉദുമലപേട്ടയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഇവരുടെ മകന്‍ പാണ്ഡ്യരാജ് ഉദുമലപേട്ട ശിവശ്ക്തി കോളനിയിലെ പവിത്ര എന്ന യുവതിയുമായി ,പ്രണയത്തിലായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഒരാഴ്ച്ച മുന്‍പ് ഇവര്‍ വിഹാഹിതരായി. 

ഇതറിഞ്ഞ മുരകന്‍ ഭാര്യ മുത്തുലക്ഷ്മിയുമായി വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെ കീഴാന്തൂരില്‍ നിന്നും ഉദുമലപേട്ടയിലേക്ക് പുറപ്പെട്ടു. ഉദുമലപേട്ടയിലെ വിദ്യാസാഗര്‍ കോളജിലെ എം എസ് സി വിദ്യാര്‍ത്ഥിനിയായ മകള്‍ ഭാനുപ്രിയയെയും ഒപ്പംകൂട്ടി. പിന്നീട് ശനിയാഴ്ച്ച വൈകുന്നേരം ആറരയോടെ ഉദുമലപേട്ടയില്‍ നിന്നും മുത്തുലക്ഷ്മി കീഴാന്തൂര്‍ ഗ്രാമത്തിലെ
സുഹൃത്തും ബന്ധുവുമായ ദേവിയെ ഫോണില്‍ ബന്ധപ്പെട്ട് തങ്ങള്‍ ആത്മഹത്യചെയ്യാന്‍ തീരൂമാനിച്ചിരിക്കുകയാണെന്ന് അറിയിച്ചു. പിന്നീട് ഫോണ്‍ സ്വച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച്ച മുരുകന്റെ ജേഷ്ഠ സഹോദരന്‍ അച്യുതന്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനയച്ചു. അഞ്ചുനാട് ഗ്രമവാസികള്‍ അവരുടെ വര്‍ഷങ്ങായുള്ള ആചാര പ്രകാരം സ്ത്രീധനം വാങ്ങാതെ അവരുടെ ഗ്രാമത്തില്‍ തന്നെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയാണ് പതിവ്. വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന ഈ ആചാരത്തെ മകന്‍ അവഗണിച്ചതില്‍ കൂടുംബത്തിന് സമൂഹത്തിലുണ്ടാകാവുന്ന അപമാന ഭയമാവാം കൂട്ട ആത്മഹത്യ ചെയ്തതെന്ന് കരൂതുന്നതായി പൊലീസ് പറഞ്ഞു.