തൃശൂര്‍: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം.തൃശൂരില്‍ മന്ത്രി സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന്റേതാണ് തീരുമാനം. സ്റ്റാന്‍ഡിന്റെ അടിയന്തിര നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി രൂപ അനുവദിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

പ്രതിദിനം ആയിരത്തിലധികം ബസ്സുകള്‍ വന്നുപോകുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍റിലെ അസൗകര്യങ്ങളെക്കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം വിളിച്ചത്. വന്നുപോകുന്ന ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്നതിനുള്‍പ്പടെയുള്ള സ്ഥല പരിമിതിയെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും പറയാനുണ്ടായിരുന്നത്. സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.

അടിയന്തിരമായി നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൂടുതല്‍ ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയും വിധമുള്ള വിശദമായ പദ്ധതിയാണ് ആലോചനയിലുള്ളത്.വ്യാപാര സമുച്ചയം നിര്‍ക്കുന്നതുള്‍പ്പടെയുള്ള സാധ്യതകളും ആരായും. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് മുമ്പ് കെഎസ്ആര്‍ടിസി എംഡിയെ തൃശൂരിലെക്ക് കണ്ടുവന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.