പാലക്കാട്: മാത്തൂരിലെ വൃദ്ധയുടെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ഒന്നാം പ്രതിയുടെ കുറ്റസമ്മതം. കൊല ചെയ്യാൻ പ്രേരിപ്പിച്ചത് തന്‍റെ അമ്മയെക്കുറിച്ച് കുറിച്ച് ഓമന മോശമായി സംസാരിച്ചതാണെന്നും ഷൈജു പൊലീസിന് മൊഴി നൽകി. കൊല നടത്തിയത് ഷൈജു ഒറ്റയ്ക്കാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പാലക്കാട് മാത്തൂരിൽ വൃദ്ധയായ ഓമനയയെ തലക്കടിച്ച് കൊലപ്പെടുത്തിയത് ഒറ്റയ്ക്കൊണെന്നും പ്രതി ഷൈജു കുറ്റസമ്മതം നടത്തി. ഷൈജുവിന്‍റെ അമ്മയെ കുറിച്ച് ഓമന മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചെതെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഷൈജുവിന്‍റെ വീട്ടിൽ എത്തിയ ഓമനയും പ്രതിയും തമ്മിൽ വാക്കു ത‍ർക്കമുണ്ടായി. തുടർന്ന് പ്രതി ഓമനയെ തലക്കടിച്ച് വീഴ്ത്തി, ബോധം കെട്ട നിലത്ത് വീണ ഓമനയെ ഷൈജു കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി സ്വന്തം വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു. ഇതാണ് പ്രതി പൊലീസിന് നൽകിയ മൊഴി. നിലത്ത് വീണപ്പോൾ സംഭവിച്ചതാണ് ഓമനയുടെ മുഖത്തെ മുറിവെന്നും പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ലഭിച്ച സാഹചര്യ തെളിവുകളെന്നും പൊലീസ് പറഞ്ഞു.

പിടിയിലായ മറ്റ് രണ്ടു പ്രതികള‌ായ വിജീഷ്, ഗിരീഷ് എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മുഖ്യ പ്രതി ഷൈജു കൊലപാതക വിവരം ഇവരുമായി പങ്കുവെച്ചിരുന്നു. കൊലചെയ്യപ്പെട്ട ഓമനയുടെ ആഭരണങ്ങൾ വിൽക്കുവാൻ ഷൈജുവിനെ സഹായിച്ചത് ഇവരാണ്. രണ്ടു പേരും ഇപ്പോൾ പൊലീസ് സംരക്ഷണയിൽ ആശുപത്രിയിലാണ്. ഇവരെ കൂടതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.