എഡിറ്റോറിയല്‍ ചുമതലയുള്ള അസി. എഡിറ്റര്‍ കമല്‍റാം സജീവ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

തിരുവനന്തപുരം: എസ് ഹരീഷ് എഴുതിയ മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യം സാഹിത്യത്തിനു നേര്‍ക്കുള്ള ആള്‍ക്കൂട്ട ആക്രമണമാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ്. എഡിറ്റോറിയല്‍ ചുമതലയുള്ള അസി. എഡിറ്റര്‍ കമല്‍റാം സജീവ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് എസ് ഹരീഷ് വ്യക്തമാക്കിയിരുന്നു. നോവലിന്റെ ആദ്യ ലക്കങ്ങളിലൊന്നില്‍, രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണം ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്.

തുടര്‍ന്ന് ഓണ്‍ലൈനിലും ഓഫ് ലൈനിലും ഹരീഷിനെതിരെ വ്യാപകമായ ഭീഷണികളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്, നോവല്‍ പിന്‍വലിക്കുന്നതായി എസ് ഹരീഷ് അറിയിച്ചത്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഇരുണ്ട ദിനമാണ് ഇതെന്നും കമല്‍ റാം സജീവിന്റെ ട്വീറ്റില്‍ പറയുന്നു. ഇനി വരാനുള്ളത് ഇരുണ്ട നാളുകളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.