എറണാകുളം: എറണാകുളം മട്ടഞ്ചേരിയില്‍ വീട്ടുജോലിക്കാരി കൊല്ലപ്പെട്ടത് മാനഭംഗ ശ്രമം ചെറുത്തതിനെത്തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കേസില്‍ പിടിയിലായ മജീന്ദ്രനെ കൊച്ചിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. മട്ടാഞ്ചേരി ഫയര്‍ സ്‌റ്റേഷനു സമീപത്തെ വീട്ടിലാണ് ജോലിക്കാരിയായ ശകുന്തളയെ മരിച്ചുനിലയില്‍ കണ്ടത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം തെന്നിവീണ് മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്.
എന്നാല്‍ ഈ വീടുമായി അടുപ്പമുണ്ടായിരുന്ന മൈസൂര്‍ സ്വദേശി മജീന്ദ്രനെ കാണാതായതോടെയാണ് കൊലപാതകമെന്ന സംശയം ഉദിച്ചത്. മൈസൂരിലെ യാദവിഗിരിയില്‍ നിന്ന് കര്‍ണാടക പൊലീസ് പിടികൂടിയ ഇയാളെ കൊച്ചിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു.മദ്യലഹരിയില്‍ ശകുന്തളയെ കടന്നു പിടിച്ചെന്നും മാനഭംഗം ശ്രമം ചെറുത്തതിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നുമാണ് മജീന്ദ്രന്റെ മൊഴി.
ബലാല്‍സംഗ ശ്രമം തടഞ്ഞ വീട്ടമ്മയെ തറയിലേക്ക് തളളിയിട്ടശേഷം വായില്‍ സാരി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടന്നെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. അതേസമയം പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷിക്കാനാണ് നീക്കം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
