ഗൂഢാലോചനയിലുൾപ്പെട്ടവരടക്കം 17 പ്രതികളുള്ള കേസിൽ ഇന്നത്തെ അറസ്റ്റോടെ 13 പേർ പിടിയിലായി. അവിനാശും നിജിലും ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷെ ശുഹൈബിനെ ആക്രമിക്കാനുള്ള വിവരവും പദ്ധതിയും ഇവർക്കറിയാമായിരുന്നു എന്ന് കണ്ടെത്തിയാണ് അറസ്റ്റ്. അവിനാശ് മരുതായി സ്വദേശിയും നിജിൽ പാലയോട് സ്വദേശിയും ആണ്. നേരത്തെ പിടിയിലായ ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവ് അസ്കറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്

കണ്ണൂര്‍: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. അവിനാശ് , നിജിൽ എന്നിവരെയാണ് ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരും വീട്ടിൽ തിരിച്ചെത്തിയ സമയത്താണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.

ഗൂഢാലോചനയിലുൾപ്പെട്ടവരടക്കം 17 പ്രതികളുള്ള കേസിൽ ഇന്നത്തെ അറസ്റ്റോടെ 13 പേർ പിടിയിലായി. അവിനാശും നിജിലും ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷെ ശുഹൈബിനെ ആക്രമിക്കാനുള്ള വിവരവും പദ്ധതിയും ഇവർക്കറിയാമായിരുന്നു എന്ന് കണ്ടെത്തിയാണ് അറസ്റ്റ്. അവിനാശ് മരുതായി സ്വദേശിയും നിജിൽ പാലയോട് സ്വദേശിയും ആണ്. നേരത്തെ പിടിയിലായ ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവ് അസ്കറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്.

ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് അറസ്റ്റ്. കേസിൽ നാല് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. കുറ്റപത്രത്തിൽ പരാമ‌ശിക്കപ്പെട്ട സിപിഎം എടയന്നൂർ മുൻ ലോക്കൽ സെക്രട്ടറി പ്രശാന്തും പിടിയിലാവാൻ ഉള്ളവരിൽ പെടും. പ്രശാന്ത് ഒളിവിലാണെന്നാണ് ഇപ്പോഴും പൊലീസ് വിശദീകരണം. കൊലയാളി സംഘത്തിന് പണം നൽകിയത് ഇയാളാണ്. ഫോൺ വഴി കാര്യങ്ങൾ ആസൂത്രണം ചെയ്തതിനെക്കുറിച്ചും ഇയാൾക്കറിയാമെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യത്തിൽ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല.