മൗറീഷ്യസ് പ്രസിഡന്റ് അമീന ഗരീബ് ഫക്കീം രാജിവച്ചു

പോര്‍ട്ട് ലൂയിസ്: ആഢംബര ജീവിതം ആസ്വദിക്കാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത് വിനയായി. ഒടുവില്‍ മൊറീഷ്യസ് പ്രസിഡന്റിന് സ്ഥാനം നഷ്ടമായി. ആഡംബരവസ്തുക്കള്‍ വാങ്ങാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗരീബ് ഫക്കീമിന് രാജിവയ്‌ക്കേണ്ടി വന്നത്. 

രാജ്യ താല്‍പര്യം കണക്കിലെടുത്താണ് ഫക്കീമിന്റെ രാജി എന്ന് അവരുടെ അഭിഭാഷകന്‍ യൂസഫ് മുഹമ്മദ് പറഞ്ഞു. മാര്‍ച്ച് 23ന് രാജി പരിഗണിക്കും. മൗറീഷ്യസിലെ പ്രാദേശിക പത്രത്തില്‍ ഫക്കീമിനെതിരെ വാര്‍ത്ത വന്നിരുന്നെങ്കിലും ആദ്യം അവര്‍ ഇത് നിഷേധിച്ചു. ആഭരണങ്ങള്‍, ആഢംബര വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ ഒരു എന്‍ജിഒ നല്‍കിയ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുവെന്നാണ് ഫക്കീമിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം. പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ആരോപണത്തില്‍ ഫക്കീമിനെതിരെ ഉയര്‍ത്തിയത്. 

സംഭവത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ രാജി വയ്ക്കാന്‍ ഫക്കീം തയ്യാറായതായി പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് കഴിഞ്ഞാഴ്ചയാണ് പ്രഖ്യാപിച്ചത്. ആഴ്ചകളായുള്ള ആരോപണങ്ങള്‍ക്കൊടുവില്‍ ഫക്കീം രാജി വയ്ക്കുകയാണ്. അവര്‍ തന്റെ നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാന്‍ തയ്യാറാണ്. ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടുന്നില്ലെന്നും പ്രവിന്ദ് പറഞ്ഞു.