മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ബ്രാഞ്ചില്‍ 34 കോടി രൂപയുടെ തട്ടിപ്പ് നടന്നത്, ഭരണസമിതിയുടെ അറിവോടെയെന്ന് തെളിഞ്ഞു. മുന്‍ മാനേജര്‍ക്ക് പിന്നാലെ മുന്‍ പ്രസിഡന്റിനേയും സെക്രട്ടറിയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസാണ് കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് പ്രസിഡന്റും കെപിസിസി അംഗവുമായിരുന്ന കോട്ടപ്പുറം വി. പ്രഭാകരന്‍പിള്ള, ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി തിരുവല്ല യൂണിറ്റിലേക്ക് വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തഴക്കര ബ്രാഞ്ചില്‍ 34 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുന്‍ മാനേജര്‍ ജ്യോതി മധുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. 

പ്രതിപ്പട്ടികയിലുള്ള സീനിയര്‍ ക്ലര്‍ക്ക് ബിന്ദു ജി നായര്‍, ജൂനിയര്‍ ക്ലര്‍ക്ക് കുട്ടിസീമ ശിവ എന്നിവര്‍ ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ ഓഡിറ്റിംഗിലാണ് കോടികളുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്. ജ്യോതി മധുവും ബിന്ദു ജി നായരും കുട്ടിസീമ ശിവയും ചേര്‍ന്നാണ് ക്രമക്കേട് നടത്തിയതെന്നായിരുന്നു സെക്രട്ടറിയുടേയും ബാങ്ക് ഭരണസമിതിയുടേയും ആരോപണം. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റ് കോട്ടപ്പുറം പ്രഭാകരന്‍പിള്ളക്കും സെക്രട്ടറി അന്നമ്മ മാത്യുവിനും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി. വ്യാജ അക്കൗണ്ട് ഉണ്ടാക്കി വായ്പ തരപ്പെടുത്തിയും, ഉരുപ്പടികളില്ലാതെ സ്വര്‍ണ്ണപ്പണയ വായ്പ അനുവദിച്ചുമായിരുന്നു ഇവര്‍ പണം തട്ടിയെടുത്തത്. അന്നത്തെ ഭരണസമിതി അംഗങ്ങളുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുകയാണ്.