മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ ഇന്നലെ തണ്ടര്‍ബോള്‍ട്ട് സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച രണ്ടു മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മരിച്ച കുപ്പു ദേവരാജിന്റെയും അജിതയുടേയും മൃതദേഹം കാടിന് പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും. രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ മലപ്പുറം, വയനാട് സ്വദേശികളും ഉണ്ടെന്നാണ് വിവരം.

കരുളായി-പടുക്ക മേഖലയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെയും വലിയ സജ്ജീകരണങ്ങളൊരുക്കിയും നടത്തിയ ഏറ്റുമുട്ടലാണെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. 20 വര്‍ഷമായി തമിഴ്നാട് പൊലീസ് അന്വേഷിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ട കുപ്പ ദേവരാജ് എന്നാണ് വിവരം. സൈലന്റ് വാലി വന മേഖലയില്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.