മായാ മർഹിക്ക് കൃത്രിമക്കാൽ നൽകാൻ ഇസ്താംബുൾ മെഡിക്കൽ സംഘം ജനിച്ചപ്പോൾ മുതൽ മായയ്ക്ക് കാലുകളില്ലായിരുന്നു. നടന്നത് പ്ലാസ്റ്റിക് ട്യൂബിന്റെ കാലുകൾ‌ നിർമ്മിച്ച്

സിറിയൻ അഭയാർത്ഥികളുടെ ദുരിതജീവിതം ലോകമറി‍ഞ്ഞത് അവിടെയെത്തുന്ന ഫോട്ടോ​ഗ്രാഫേഴ്സിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. അങ്ങനെയൊരു ചിത്രമായിരുന്നു മായാ മർഹിയുടേതും. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഇരയാണ് മായ മർ​ഹി എന്ന എട്ടുവയസ്സുകാരി. പ്ലാസ്റ്റിക് ട്യൂബുകളും തകര ടിന്നും ഘടിപ്പിച്ചുണ്ടാക്കിയ കൃത്രിമക്കാലുകളുമായി അഭയാർത്ഥി ക്യാംപിൽ കണ്ടെത്തിയ ഈ കൊച്ചുപെൺകുട്ടി വളരെപ്പെട്ടെന്നാണ് ലോകത്തിന്റെ കണ്ണുനീർത്തുള്ളിയായത്.

ജനിക്കുമ്പോൾ തന്നെ മായയ്ക്ക് കാലുകളുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് ട്യൂബുകളും തകരടിന്നുകളുടെ കഷ്ണങ്ങളും കൊണ്ട് പിതാവ് മുഹമ്മദ് മർഹിയാണ് അവൾക്ക് കാലുകൾ നിർമ്മിച്ചു നൽകിയത്. ലോകത്തിന്റെ ദയ നിറഞ്ഞ കണ്ണുകളിലേക്കാണ് പ്ലാസ്റ്റിക് കാലുകൾ കൊണ്ട് മായാ മർഹി ചുവടു വച്ചത്. ഭാ​ഗ്യമെന്ന് പറയാം, അവൾക്ക് കൃത്രിമക്കാലുകൾ നിർമ്മിച്ചു നൽകാൻ ഇസ്താംബുളിലെ മെഡിക്കൽ സംഘം തീരുമാനിച്ചു കഴിഞ്ഞു. ഇസ്താംബുളിലെ ഡോക്ടർ മെഹമ്ത്ത് സേകി പറയുന്നു. ''മായയ്ക്ക് നടക്കാൻ‌ സാധിക്കും, ഏകദേശം മൂന്നു മാസത്തിനുള്ളിൽ തന്നെ '' 

സിറിയയിലെ അലപ്പോയിൽ നിന്ന് ഇസ്താംബുളിലെ അഭയാർത്ഥി ക്യാംപിലേക്ക് കുടിയേറിയവരായിരുന്നു മായാ മെ​ർഹിയുടെ കുടുംബം. അവളുടെ അച്ഛനായ മുഹമ്മദ് മെർഹിക്കും കാലുകളുണ്ടായിരുന്നില്ല. അരയ്ക്ക് കീഴ്പ്പോട്ട് അവയവങ്ങളില്ലാതെ ജനിക്കുന്ന ജനിതക വൈകല്യമാണിത്. അഭയാർത്ഥിക്യാംപിൽ നിന്നുള്ള മായാ മർഹിയുടെ ദുരിതചിത്രങ്ങൾ ലോകരാഷ്ട്രങ്ങളിൽ വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. അവസാനം തുർക്കിഷ് റെഡ് ക്രസന്റ് ഈ വിഷയത്തിൽ ഇടപെട്ടു. അച്ഛനെയും മകളെയും ഇസ്താംബുളിലെ ക്ലിനിക്കിലേക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനായി എത്തിക്കാൻ തീരുമാനമായി.

സൗത്ത് അലപ്പോയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സ്വന്തം നാട്ടിൽ ജീവിക്കാൻ വഴിയില്ലാത്ത അവസ്ഥ വന്നപ്പോൾ ഇവർ അവിടെ നിന്ന് പലായനം ചെയ്തു. അച്ഛനാണ് അവൾക്ക് പ്ലാസ്റ്റിക് ട്യൂബുകൾ കൊണ്ട് കാലുണ്ടാക്കി നൽകിയത്. പ്ലാസ്റ്റിക് കുഴലുകൾക്ക് മ​ർദ്ദം താങ്ങാൻ കഴിവില്ലാത്തത് കൊണ്ട് അതിന് ചുവട്ടിൽ തകര പാട്ട കൊണ്ടുള്ള ഒരു കഷ്ണം കൂടി പിടിപ്പിച്ചു. വേദനിക്കാതിരിക്കാൻ മാർദ്ദവമുള്ള തുണി അകത്തും വച്ചു. അച്ഛനുണ്ടാക്കിക്കൊടുത്ത പ്ലാസ്റ്റിക് കാലുമായാണ് മായ തങ്ങളുടെ കൂടാരത്തിന് പുറത്തും സ്കൂളിലും ഒക്കെ പോയിക്കൊണ്ടിരുന്നത്. 

അഞ്ച് മക്കളിൽ മറ്റാർക്കും ഈ അവസ്ഥ ഇല്ലെന്ന് മുഹമ്മദ് മർഹി പറയുന്നു. മായയുടെ കാലിലെ പ്ലാസ്റ്റിക് ട്യൂബുകൾ എല്ലാ മാസവും മാറ്റി വയ്ക്കും. അതുപോലെ തകരടിന്നുകൾ ആഴ്ചയിലൊരിക്കൽ വീതം മാറ്റും. മുഹമ്മദിനും കൃത്രിമക്കാൽ നൽകാമെന്ന് മെഡിക്കൽ സംഘം പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ മകളുടെ ദുരിത ജീവിതം മാറിക്കിട്ടിയാൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് മുഹമ്മദ് പറയുന്നു. ''അവൾ സാധാരണ കുട്ടികളെപ്പോലെ നടക്കുന്നതും സ്കൂളിൽ പോകുന്നതുമാണ് എന്റെ സ്വപ്നം.''

പ്ലാസ്റ്റിക് കാലുകൾ കൊണ്ട് മായ ആയാസമില്ലാതെ നടക്കുന്നത് തങ്ങളെ അത്ഭുതപ്പെടുത്തി എന്നാണ് ഇസ്താംബുളിലെ മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. ഇവർ രണ്ടുപേർക്കുമുള്ള കൃത്രിമക്കാലുകളുടെ ചെലവ് വഹിക്കുന്നത് ഈ മെഡിക്കൽ സംഘമാണ്. മായയ്ക്ക് മാത്രമല്ല, പിതാവ് മുഹമ്മദ് മർഹിക്കും നടക്കാൻ സാധിക്കുമെന്ന് ഇവർ ഉറപ്പു നൽകുന്നു.