പ്ലാസ്റ്റിക് ട്യൂബുകളും തകരക്കഷ്ണങ്ങളും കൊണ്ട് നിർമ്മിച്ച കാൽ ഇനി വേണ്ട യഥാർത്ഥ പൊയ്ക്കാലിൽ മായാ മർഹി
ഇസ്താംബുൾ: പ്ലാസ്റ്റിക് ട്യൂബും തകര കഷ്ണങ്ങളും കൊണ്ട് നിർമ്മിച്ച പൊയ്ക്കാലിൽ നടന്ന് ലോകത്തിന്റെ കണ്ണു നനയിച്ച എട്ടുവയസ്സുകാരി മായാ മർഹിക്ക് ഇനി പേടിക്കാതെ ചുവട് വയ്ക്കാം. ജന്മനാ അരയ്ക്ക് കീഴ്പ്പോട്ട് ഇല്ലാതെ ജനിച്ച മായ പ്ലാസ്റ്റിക് ട്യൂബുകളും തകരപ്പാട്ടകളും ഉപയോഗിച്ച് നിർമ്മിച്ച പൊയ്ക്കാലിലാണ് നടന്നു കൊണ്ടിരുന്നത്. സിറിയയിലെ അലപ്പോയിൽ നിന്നുള്ള അഭയാർത്ഥി കുടംബത്തിലെ അംഗമായിരുന്നു മായാ മർഹി. ക്യാമ്പിലെത്തിയ ഫോട്ടാഗ്രാഫർമാരിൽ ഒരാളാണ് മായയുടെ ചിത്രം പകർത്തി ലോകത്തിന് മുന്നിലെത്തിച്ചത്. അവളുടെ പിതാവായ മുഹമ്മദാണ് ഇത് നിർമ്മിച്ചു നൽകിയത്.
എന്നാൽ മായയുടെ അവസ്ഥ അറിഞ്ഞ നിരവധി പേർ അവൾക്ക് കൃത്രിമക്കാൽ നൽകി സഹായിക്കാമെന്നേറ്റു. അങ്ങനെയാണ്
വിദഗ്ദ്ധ ചികിത്സയ്ക്കായി മായയും കുടുംബവും ഇസ്താംബുളിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിയത്. മുഹമ്മദ് മർഹിക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് മാറിപ്പോകേണ്ടി വരുമ്പോൾ തങ്ങൾ വളരെയധികം ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മുഹമ്മദ് മർഹി പറയുന്നു. മായയ്ക്ക് കൃത്രിമക്കാലുകൾ നൽകിയ ഡോക്ടേഴ്സ് പറയുന്നത് മൂന്നു മാസത്തിനുള്ളിൽ മായയ്ക്ക് സാധാരണ കുട്ടികളേപ്പോലെ നടക്കാൻ സാധിക്കുമെന്നാണ്. സിറിയയിലെ ആഭ്യന്തര കലാപം മൂലം പതിനൊന്ന് മില്യൺ ജനങ്ങളാണ് പലായനം ചെയ്തത്. ഇവരിൽ നല്ലൊരു ഭാഗം അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിലാണ് ജീവിക്കുന്നത്. അങ്ങനെയൊരു കുടുംബമാണ് മായ മർഹിയുടേതും.
