ദില്ലി: ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള അക്രമം ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബിഎസ്‌പി അദ്ധ്യക്ഷ മായാവതി രാജ്യസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളം കാരണം ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. മായാവതിയുടേത് നാടകമാണെന്ന് ബിജെപി ആരോപിച്ചു.
രാജ്യസഭയില്‍ നിന്ന് ക്ഷുഭിതയായി ഇറങ്ങിപോയ മായാവതി പിന്നീട് പുറത്ത് മാധ്യമങ്ങളെ കണ്ട് രാജ്യസഭയില്‍ നിന്ന് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഗോരക്ഷയുടെ പേരില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അക്രമത്തിന് കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും കൂട്ടുനില്ക്കുന്നു എന്നായിരുന്നു മായാവതിയുടെ ആരോപണം. പ്രസംഗം ചുരുക്കാന്‍ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ ആവശ്യപ്പെട്ടതാണ് മായാവതിയെ ചൊടിപ്പിച്ചത്.
മായവതി സഭ ബഹിഷ്‌ക്കരിച്ചപ്പോള്‍ പിന്തുണച്ച് കോണ്‍ഗ്രസും ഇറങ്ങിപോയി. പ്രതിപക്ഷ ബഹളത്തിനൊപ്പം കാര്‍ഷികപ്രതിസന്ധി ഉന്നയിച്ച് അണ്ണാ ഡിഎംകെയും നടുത്തളത്തില്‍ ഇറങ്ങിയതോടെ ഇരുസഭകളും സ്തംഭിച്ചു. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ മായാവതിയുടേത് നാടകമാണെന്ന് ആരോപിച്ചു
ഇനി ഒമ്പതുമാസത്തെ കാലാവധിയാണ് മായാവതിക്ക് രാജ്യസഭയില്‍ ബാക്കിയുള്ളത്. ഉത്തര്‍പ്രദേശില്‍ 19 എംഎല്‍എമാര്‍ മാത്രമുള്ള മായാവതിക്ക് ഇനി ഒരു തിരിച്ചുവരവും സാധ്യമല്ല. അതിനാല്‍ രാഷ്ട്രീയത്തില്‍ പുതുശ്വാസം കിട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് മായാവതിയുടെ ഈ രാജി പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ രണ്ടു പ്രസ്താവനകളോടെ തണുപ്പിക്കാനായെന്ന് ഭരണപക്ഷം കരുതിയ ഗോരക്ഷകയുടെ പേരിലുള്ള അക്രമം പാര്‍ലമെന്റില്‍ പ്രധാനവിഷയമാക്കി മാറ്റാന്‍ മായാവതിയുടെ തീരുമാനം പ്രതിപക്ഷത്തെ സഹായിക്കും.
