വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്‍റെ ഇരുവശവുമാണ്. ആ രീതി മാറുമോയെന്നുള്ളത് ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മായാവതി
ലക്നൗ: മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പുമായി ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. ബിജെപിയെ പോലെ ഭരിച്ചാല്‍ ഇരു സര്‍ക്കാരുകള്‍ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്നുള്ള മുന്നറിയിപ്പാണ് മായാവതി നല്‍കിയിരിക്കുന്നത്.
തൊഴില്‍ രഹിതര്‍ക്കും കര്‍ഷകര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതിരുന്ന ബിജെപിയെ പോലെ ഭരിക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് പുറത്ത് നിന്ന് പിന്തുണ നല്‍കുന്ന മായാവതി വ്യക്തമാക്കി. കൂടാതെ, ഏപ്രില്‍ രണ്ടിന് നടത്തിയ ഭാരത് ബന്ദിനോട് അനുബന്ധിച്ച് നിരപരാധികള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പിന്‍വലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
അതിന് തയാറല്ലെങ്കിലും ബിഎസ്പിക്ക് പിന്തുണ പിന്‍വലിക്കേണ്ടി വരും. ബിജെപി ജാതീയപരമായിട്ടും രാഷ്ട്രീയപരമായിട്ടും ചുമത്തിയ കേസുകളാണ് അത്. ഇപ്പോള്‍ മധ്യപ്രദേശും രാജസ്ഥാനും കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. അപ്പോള്‍ വേഗത്തില്‍ തന്നെ കേസുകള്‍ പിന്‍വലിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
അധികാരത്തില്‍ എത്തിയ ശേഷം കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനങ്ങള്‍ കൊണ്ടും കാര്യമില്ലെന്നതാണ് മായാവതിയുടെ മുന്നറിയിപ്പിനുള്ള കാരണം. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്‍റെ ഇരുവശവുമാണ്.
ആ രീതി മാറുമോയെന്നുള്ളത് ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ രണ്ട് അംഗങ്ങളാണ് ബിഎസ്പിക്ക് ഉള്ളത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ആറ് അംഗങ്ങളും പാര്‍ട്ടിക്കുണ്ട്.
