ഈ വിഷുവിന് ആശംസയില്ല, പ്രതിഷേധമാണുള്ളത്:എം.ബി.രാജേഷ്

First Published 14, Apr 2018, 7:58 PM IST
mb rajesh facebook post
Highlights
  • സോഷ്യല്‍മീഡിയയിലൂടെ രൂപം കൊണ്ട എന്റെ തെരുവില്‍ എന്റെ പ്രതിഷേധം പരിപാടിയെ പിന്തുണച്ചു കൊണ്ടാണ് രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
  • വിഷു ദിവസം വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയുള്ള സമയത്ത് തെരുവുകളില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കാനാണ് '' എന്റെ തെരുവില്‍ എ്‌ന്റെ പ്രതിഷേധം'' എന്ന സോഷ്യല്‍മീഡിയ ക്യാംപ്‌യെന്‍ ആഹ്വാനം ചെയ്യുന്നത്. 

പാലക്കാട്: ഈ വിഷുവിന് താന്‍ ആര്‍ക്കും ആശംസകള്‍ നേരുന്നില്ലെന്നും പകരം കത്വയിലേയും ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കായി പ്രതിഷേധിക്കുകയാണെന്നും പാലക്കാട് എം.പി എം.ബി രാജേഷ്. 

സോഷ്യല്‍മീഡിയയിലൂടെ രൂപം കൊണ്ട ''എന്റെ തെരുവില്‍ എന്റെ പ്രതിഷേധം'' പരിപാടിയെ പിന്തുണച്ചു കൊണ്ടാണ് രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധം കത്വയിലേയും ഉന്നാവാേയിലേയും കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ലെന്നും നമ്മുടെയെല്ലാം മക്കള്‍ക്ക് വേണ്ടിയാണെന്നും ഇതേക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ രാജേഷ് ഓര്‍മ്മിപ്പിക്കുന്നു. 

വിഷു ദിവസം വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയുള്ള സമയത്ത് തെരുവുകളില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിക്കാനാണ് '' എന്റെ തെരുവില്‍ എ്‌ന്റെ പ്രതിഷേധം'' എന്ന സോഷ്യല്‍മീഡിയ ക്യാംപ്‌യെന്‍ ആഹ്വാനം ചെയ്യുന്നത്. 

'അരിയ വെള്ളരി കണി കാണേണ്ടിടത്തൊരു കുരുന്നിന്റെ മൃതദേഹം.. ' (പ്രഭാവര്‍മ്മ )

ഈ വിഷുവിന് ആശംസകളില്ല. ആശംസകള്‍ കൈമാറുന്നതിന് പകരം കൈകള്‍ കോര്‍ത്ത് പ്രതിഷേധിക്കാം.കത്വയിലെ ആസിഫക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി ബാംഗ്ലൂരില്‍ നിന്ന് അരുന്ധതി ഘോഷ് കൊളുത്തിയ പ്രതിഷേധ ജ്വാല രാജ്യം മുഴുവന്‍ പടരുകയാണ്.

നാളെ വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ ഇന്ത്യയൊട്ടാകെ ഈ പ്രതിഷേധം നടക്കും.റേപ്പിസ്റ്റുകള്‍ക്കും അവരെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കുമെതിരായി ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ ബാനറിലല്ല, സ്വമേധയാ നാമോരോരുത്തരും അവരവരുടെ തെരുവുകളില്‍ ഒന്നു ചേര്‍ന്ന് പ്രതിഷേധിക്കുന്നു.

ഇത് ആസിഫക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി മാത്രമല്ല നമ്മുടെയെല്ലാം കുട്ടികള്‍ക്കു വേണ്ടിയാണ്.ഇവിടെ ജീവിക്കുന്ന, ഇനിയും ജനിക്കാനിരിക്കുന്ന എല്ലാ കുട്ടികള്‍ക്കും വേണ്ടി.

ഈ പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു. നാളെ വൈകുന്നേരം 5 മണിക്ക് പാലക്കാട് നഗരത്തിലെ അഞ്ചു വിളക്കിന് മുന്നില്‍ ഞാനുമുണ്ടാവും. നിങ്ങളും വരണം

loader