ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് എംബാപെ കാഴ്ചവെയ്ക്കുന്നത്
മോസ്കോ: റഷ്യന് ലോകകപ്പില് ഉദിച്ചുയര്ന്ന താരമുണ്ടെങ്കില് അത് കെയ്ലന് എംബാപെയാണ്. അര്ജന്റീനയെ ലോകകപ്പില് നിന്ന് പുറത്താക്കിയ രണ്ടു ഗോളുകളും വേഗതയാര്ന്ന മുന്നേറ്റവും മാത്രം മതി ഫ്രഞ്ച് യുവ താരത്തിന്റെ കരുത്ത് എന്താണെന്ന് മനസിലാക്കാന്.
അതിന് ശേഷം ഇന്നലെ ബെല്ജിയത്തിനെതിരെ ഗോള് നേടിയില്ലെങ്കില് പോലും കളത്തില് തന്റെ പ്രതിഭയെ അടയാളപ്പെടുത്താന് പത്തൊന്പതുകാരനായ താരത്തിന് സാധിച്ചു. ഇതിഹാസ താരം പെലെയ്ക്ക് ശേഷം ലോകകപ്പില് ഒന്നിലേറെ ഗോള് നേടിയ പ്രായം കുറഞ്ഞ താരമാണ് എംബാപെ.
ഇതോടെ ലോകകപ്പില് ഗോള്ഡന് ബോള് അടക്കമുള്ള നേട്ടങ്ങള് യുവതാരത്തെ തേടിയെത്തുമെന്നാണ് ഫുട്ബോള് പണ്ഡിതന്മാര് അടക്കം വിലയിരുത്തുന്നത്. അതിനിടയിന് ഫിഫ ഓരോ വര്ഷവും ഏറ്റവും മികച്ച ഫുട്ബോള് താരത്തിന് നല്കുന്ന ബാലന് ഡി ഓര് പുരസ്കാരവും എംബാപെയ്ക്ക് ലഭിക്കാന് സാധ്യതയുണ്ടെന്നും വിലയിരുത്തലുകള് വന്നു.
ഫ്രാന്സ് ലോകകപ്പ് വിജയിച്ചാല് ഈ സാധ്യതകള്ക്ക് കൂടുതല് വ്യക്തത കെെവരും. എന്നാല്, തനിക്ക് ബാലന് ഡി ഓര് ആവശ്യമില്ലെന്നുള്ള പ്രതികരണമാണ് ഇക്കാര്യത്തില് എംബാപെയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ബാലന് ഡി ഓര് അല്ല തനിക്ക് വേണ്ടതെന്നും ലോകകപ്പാണെന്നുമാണ് ഫ്രഞ്ച് താരം പറയുന്നത്.
ആലോചിക്കാന് പോലുമാകുന്നില്ല, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണത്. അതിനെ വിലയിരുത്താന് വാക്കുകളില്ല. ഒത്തുചേര്ന്നുള്ള കഠിനാധ്വാനം ചെയ്താല് അതിനുള്ള ഫലം ലഭിക്കും. അത് മാത്രമാണ് എന്നെ ബാധിക്കുന്ന കാര്യമെന്നും എംബാപെ വ്യക്തമാക്കി.
