അര്‍ജന്‍റീന ആരാധകരെ കണ്ണീരിലാഴ്ത്തി എംബാപ്പെ വല കുലുക്കുമ്പോള്‍ ഫ്രാന്‍സിന്‍റെ ഭാവി സുരക്ഷിതമാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്

മോസ്കോ: ലോകകപ്പിലെ മരണപോരാട്ടമായ അര്‍ജന്‍റീന ഫ്രാന്‍സ് പോരാട്ടം ആദ്യ പകുതി പിന്നിട്ട് കുതിക്കുമ്പോള്‍ താരമാകുന്നത് ഫ്രഞ്ച് മധ്യനിരയുടെ കരുത്തായ എംബാപ്പെയാണ്. ഗ്രീസ്മാനും എംബാപ്പെയും പോഗ്ബയും ഒരേ മനസ്സാല്‍ പന്തുതട്ടുന്നതാണ് ഫ്രാന്‍സിന്‍റെ കരുത്ത്. ഇന്നത്തെ മത്സരത്തില്‍ ഇതുവരെ വേറിട്ട് നിന്നത് എംബാപ്പെയുടെ പ്രകടനമായിരുന്നു.

പത്താം നമ്പര്‍ കുപ്പായത്തില്‍ കളത്തിലെത്തിയ പത്തൊന്‍പതുകാരന്‍റെ വേഗത്തിന് മുന്നില്‍ അര്‍ജന്‍റീന താരങ്ങളും സാക്ഷാല്‍ മെസിയും പകച്ചു നില്‍ക്കുന്നത് നിരവധി പ്രാവശ്യം കാണാനായി. ഫ്രാന്‍സിന്‍റെ ആദ്യ ഗോളിന്‍റെ കാരണക്കാരനും മറ്റാരുമായിരുന്നില്ല. മൈതാനമധ്യത്ത് നിന്നും നീന്നും നീട്ടികിട്ടിയ പന്ത് അര്‍ജന്‍റീനയുടെ മൂന്ന് താരങ്ങളെ ഓടി തോല്‍പ്പിച്ചാണ് എംബാപ്പെ കാല്‍പ്പിടിയിലൊതുക്കിയത്.

പിന്നീട് അര്‍ജന്‍റീന പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി പോസ്റ്റിലേക്ക് കുതിക്കുകയാരുന്നു എംബാപ്പെ. അതിനിടിയില്‍ രക്ഷയില്ലെന്ന് കണ്ടാണ് എംബാപ്പയെ റോജോ തള്ളിയിട്ടത്. പെനാല്‍ട്ടി വിധിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

ഒടുവില്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കാനും എംബാപ്പെ തന്നെ എത്തി. 64 ാം മിനിട്ടില്‍ അര്‍ജന്‍റീന ആരാധകരെ കണ്ണീരിലാഴ്ത്തി എംബാപ്പെ വല കുലുക്കുമ്പോള്‍ ഫ്രാന്‍സിന്‍റെ ഭാവി സുരക്ഷിതമാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. 69 ാം മിനിട്ടിലും തകര്‍പ്പന്‍ ഗോളിലൂടെ എംബാപ്പെ കളം വാണു.