ബാഴ്സലോണയടക്കമുളളവര്‍ വല വിരിച്ചിട്ടും എംബാപ്പെ പിഎസ്ജിയില്‍ തുടരുകയായിരുന്നു
മാഡ്രിഡ്: ലോകകപ്പിന് വേണ്ടിയുള്ള പോരാട്ടം ക്വാര്ട്ടറിലെത്തി നില്ക്കുമ്പോള് ക്ലബ് ഫുട്ബോള് ട്രാന്സ്ഫര് വിപണിയും ചൂടുപിടിക്കുകയാണ്. മെസി ബാഴ്സലോണയില് തുടരുനമെന്ന് വ്യക്തമായപ്പോള് ക്രിസ്റ്റ്യാനോ റയലിന്റെ പടി ഇറങ്ങുകയാണ്. ലോകഫുട്ബോളര് യുവന്റസിലേക്ക് ചേക്കേറുമ്പോള് പകരക്കാരനെ തേടുകയാണ് സ്പാനിഷ് വമ്പന്മാര്.
നെയ്മറിനെയാണ് നോട്ടമിട്ടിരുന്നതെങ്കിലും ഇപ്പോള് റയലിന്റെ മനസ് ഫ്രാന്സിന്റെ യുവരക്തം കെയിലന് എംബാപ്പെയ്ക്ക് പിന്നാലെയാണ്. നെയ്മര് പിഎസ്ജിയില് തന്നെ തുടരാനുള്ള തീരുമാനത്തിലാണെന്നതും എംബാപ്പയെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്ക്ക് പിന്നിലുണ്ട്.
പ്രീ ക്വാര്ട്ടര് പോരാട്ടത്തില് മെസിയെ നിസ്സഹായനാക്കി അര്ജന്റീനയ്ക്കെതിരെ പുറത്തെടുത്ത അവിസ്മരണീയ പ്രകടനത്തോടെ എംബാപ്പെ ലോകതാരമായി ഉയര്ന്നിട്ടുണ്ട്. കേവലം 19 വയസ് മാത്രമുള്ള എംബാപ്പയ്ക്ക് റയലിനോടാണ് താല്പര്യമെന്നും സൂചനയുണ്ട്. നേരത്തെ ബാഴ്സലോണയടക്കമുളളവര് വല വിരിച്ചിട്ടും എംബാപ്പെ പിഎസ്ജിയില് തുടരുകയായിരുന്നു.
26 വയസിലെത്തി നില്ക്കുന്ന നെയ്മറിന് കോടികള് മുടക്കുന്നതിനെക്കാളും 19 വയസുമാത്രമുള്ള എംബാപ്പയെ സ്വന്തമാക്കാനായാല് 10 വര്ഷത്തിലധികം ഗുണം ചെയ്യുമെന്നും റയല് കരുതുന്നു. എന്തായാലും എംബാപ്പയുടെ തീരുമാനം വരുദിവസങ്ങളിലുണ്ടാകും.
