തിരുവനന്തപുരം: ഫീസ് കുത്തനെ കൂടിയതോടെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് ചേർന്നവരിൽ പലരും പഠനം നിർത്താനുള്ള നീക്കത്തിലാണ്. ബി ടെക്ക് അടക്കമുള്ള കോഴ്‌സിൽ നിന്നും എംബിബിഎസിനു ചേർന്നവർ , തിരിച്ചുപോകാൻ ടിസി എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു

ആറ്റുനോറ്റു കിട്ടിയ എംബിബിസ് സീറ്റ്‌ നഷ്ടം ആകുന്നതിന്റെ സങ്കടവും ദേഷ്യവുമാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും. 
അഞ്ചു ലക്ഷം ഫീസ് എന്നു കരുതി മറ്റു കോഴ്സുകൾ വിട്ടാണ് പലരും എംബിബിസിനു ചേർന്നത്. അഞ്ചു ലക്ഷത്തിന്റെ ഡിഡി കൊടുത്ത് ചേർന്ന ശേഷമാണ് ഇരുട്ടടിയായി ഫീസ് പതിനൊന്നായത്. 

സ്വാശ്രയ കോളേജിലെ എംബിബിഎസ് കോഴ്സ് ഉപേക്ഷിക്കുന്നവര്‍ ഇന്ന് വൈകീട്ടോടെ തീരുമാനിക്കണം. പക്ഷെ നേരത്തെ ചേർന്ന കോഴ്സുകളിൽ തിരിച്ചു ചേരാൻ ആകുമോ എന്നു ഉറപ്പില്ല. മെറിറ്റിൽ ചേർന്നവർ പണമില്ലാത്തതിന്റെ പേരിൽ പിന്മാറിയാൽ പണമുള്ളവർക്ക് സ്പോട്ട് അഡ്മിഷനിലൂടെ സീറ്റ് നേടാം.

ഇന്ന് പിന്മാറിയില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ ആറു ലക്ഷം കണ്ടെത്തണം. അല്ലാത്ത പക്ഷം സീറ്റും പോകും പത്തു ലക്ഷം മാനേജ്മെന്‍റിന് നഷ്ട പരിഹാരവും കൊടുക്കണം. അങ്ങിനെ പ്രവേശനം തീരാൻ മൂന്ന് ദിവസം മാത്രം ഉള്ളപ്പോൾ നടുക്കടലിൽ ആണ് വിദ്യാർഥികൾ.