തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള 690 എംബിബിഎസ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്‌പോട്ട് അഡ്മിഷന്‍ നടക്കും. പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത് ഇതാദ്യമാണ്. ഫീസ് കൂടിയതാണ് ഈ സ്ഥിതിക്ക് കാരണമായത്. അവസാന അലോട്ട്മെന്റിന് ശേഷം സാധാരണയായി 200 സീറ്റ് ആണ് പരമാവധി ഒഴിവ് വരാറുള്ളത്.

എന്നാല്‍ ഇത്തവണ 690 സീറ്റുകള് ബാക്കിയായി. ഫീസ് ഒറ്റയടിക്ക് 11 ലക്ഷം ആയതും ബാങ്ക് ഗ്യാരന്റിയെ ചൊല്ലിയുള്ള ആശയക്കുഴപ്പവും ആണ് പ്രവേശനത്തില്‍ നിന്ന് കുട്ടികളെ അകറ്റിയത്. നീറ്റില്‍ ഉയര്‍ന്ന റാങ്കില്‍ ഇടംപിടിച്ചിട്ടും പണം ഇല്ലാത്തതിന്റെ പേരില്‍ പലരും എംബിബിഎസ് പഠനം ഉപേക്ഷിച്ചു.

അതുകൊണ്ടാണ് ഇനി ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. മെറിറ്റിനെക്കാള്‍ സ്‌പോട്ടില്‍ അടിസ്ഥാനഘടകം പണത്തിന് തന്നെയാണ്. ഒറ്റയടിക്ക് 11ലക്ഷം കയ്യിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പിക്കാം. അതായത് നീറ്റ് വന്നിട്ടും മെറിറ്റിലുള്ളവര്‍ പണമില്ലാത്തിന്റെ പേരില്‍‍ സീറ്റ് നഷ്‌ടപ്പെടുന്ന സ്ഥിതി. എംബിബിഎസ്സിന് പുറമേ 450 ബിഡിഎസ് സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടക്കും.