ദില്ലി: ദില്ലി മുസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ഹാട്രിക് വിജയം. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കടത്തിവെട്ട് ദില്ലി ബി.ജെ.പി തൂത്തുവാരി. 270ല്‍ 180 ല്‍ അധികം സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ ആംആദ്മി പാര്‍ടി 48 സീറ്റുമായി രണ്ടാംസ്ഥാനത്തും 28 സീറ്റുമായി കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തുമായി. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബി.ജെ.പി വിജയാഘോഷങ്ങള്‍ വേണ്ടെന്നുവെച്ചു.

2015ല്‍ 56 ശതമാനം വോട്ടുമായി ചരിത്രം കുറിച്ച ആംആദ്മി പാര്‍ടിയെ നിഷ്പ്രഭമാക്കിയാണ് ബി.ജെ.പി ദില്ലി തൂത്തുവാരിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പോലെ സര്‍വ്വെ ഫലങ്ങള്‍ പ്രവചിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുമായാണ് ദില്ലിയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും ബി.ജെ.പി വിജയിച്ചത്. 270 വാര്‍ഡുകളില്‍ 180 ഇടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 

രണ്ടാംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് 31 സീറ്റുമായി മൂന്നാംസ്ഥാനത്തായി. രണ്ടാംസ്ഥാനം പിടിച്ചെങ്കിലും ബി.ജെ.പിയില്‍ നിന്ന് ഏറെ പുറകെ 46 സീറ്റാണ് ആംആദ്മി പാര്‍ടിക്ക് നേടായനായത്. 2015ല്‍ നിന്ന് ആംആദ്മി പാര്‍ടിയുടെ വോട്ടുശതമാനം 25 ആയി കുറഞ്ഞു. അതേസമയം ബി.ജെ.പിയുടെ വോട്ടുവിഹിതം 32ല്‍ നിന്ന് 40 ശതമാനത്തിലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസിന് 20 ശതമാനത്തോളം വോട്ട്മാത്രമാണ് പിടിക്കാനായത്. 

മുസ്ലീം ശക്തികേന്ദ്രങ്ങളായ പഴയ ദില്ലിയിലെ വാര്‍ഡുകളില്‍ പോലും ബി.ജെ.പി നേട്ടമുണ്ടാക്കി. സൗത്ത് ദില്ലി, നോര്‍ത്ത് ദില്ലി, ഈസ്റ്റ് ദില്ലി എന്നീ മുനിസിപ്പാലിറ്റികളിലായി 272 വാര്‍ഡുകളില്‍ 270 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ഈസ്റ്റ് ദില്ലിയിലെ 63 വാര്‍ഡില്‍ 46 ഇടത്ത് ബി.ജെ.പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 5 സീറ്റിലും ആപ്പ് 9 സീറ്റിലും ഒതുങ്ങി. നോര്‍ത്ത് ദില്ലിയിലെ 103 വാര്‍ഡില്‍ 66 ഇടത്ത് ബി.ജെ.പിയും ആപ്പിന് 22 ഉം കോണ്‍ഗ്രസിന് 12 സീറ്റും കിട്ടി. 

സൗത്ത് ദില്ലിയിലെ 104 വാര്‍ഡില്‍ 70 ഇടത്ത് ബി.ജെ.പി വിജയം ഉറപ്പാക്കിയപ്പോള്‍ ആപ്പ് പിടിച്ചത് 16 വാര്‍ഡുകള്‍ മാത്രം. കോണ്‍ഗ്രസ് വിജയിച്ചത് 11 ഇടത്ത് മാത്രം. വലിയ വിജയം കിട്ടിയെങ്കിലും ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ ആര്‍പ്പിച്ച് വിജയാഘാഷങ്ങള്‍ ബി.ജെ.പി വേണ്ടെന്നുവെച്ചു.