ആസ്വദിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ചെയ്യാൻ പോകുന്നതെന്നും അത് നിനക്ക് ഇഷ്ടപ്പെടുമെന്നും അയാൾ പറഞ്ഞു. എന്നാൽ താൻ പേടിച്ച് ഭയന്ന് പോയതായി രാഹുൽ പറയുന്നു.  

മുംബൈ: ലൈം​ഗികാരോപണ വിവാദങ്ങളുമായി സ്ത്രീകൾ മാത്രമല്ല രം​ഗത്ത് വരുന്നത്. പുരുഷൻമാരും ഈ കൂട്ടത്തിലുണ്ട്. മുംബൈ ടെലിവിഷൻ താരം രാഹുൽ രാജാണ് തിരക്കഥാകൃത്തായ മുഷ്താഖ് ഷെയ്ഖിനെതിരെ ലൈം​ഗിക പീഡനാരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മുഷ്താഖിന്റെ ഇഷ്ടത്തിന് വഴങ്ങാത്തതിനാൽ തനിക്ക് അവസരങ്ങൾ നഷ്ടമായതായും രാഹുൽ രാജ് പറയുന്നു. 2006 ലാണ് സംഭവം നടന്നതെന്ന മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

സംഭവം നടക്കുമ്പോൾ തനിക്ക് പത്തൊൻപത് വയസ്സായിരുന്നു പ്രായം എന്നും രാഹുൽ വ്യക്തമാക്കുന്നു. അന്ന് അയാള്‍ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമുള്ള ആളായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഫറ ഖാന്‍, ഏക്ത കപൂര്‍ എന്നിവരുടെ അടുപ്പക്കാരന്‍. എന്നെ അയാള്‍ക്ക് വളരെയധികം ഇഷ്ടമായിരുന്നു. സിനിമയില്‍ അവസരം കിട്ടും എന്നതിനാല്‍ വലിയ സന്തോഷമായിരുന്നു എനിക്ക്. എന്നാല്‍, അവസരം നല്‍കിയതു മുതല്‍ അയാള്‍ ഫോണ്‍വിളി തുടങ്ങി.

ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അവിടെ ആകെ ഒരു മുറിയും ഒരു കിടക്കയും മാത്രമാണുണ്ടായിരുന്നത്. ആസ്വദിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ചെയ്യാൻ പോകുന്നതെന്നും അത് നിനക്ക് ഇഷ്ടപ്പെടുമെന്നും അയാൾ പറഞ്ഞു. എന്നാൽ താൻ പേടിച്ച് ഭയന്ന് പോയതായി രാഹുൽ പറയുന്നു. 

പിന്നീട് ധാരാളം അവസരങ്ങൾ നഷ്ടമായി. ലഭിച്ച ചില അവസരങ്ങൾ താൻ മൂലം ലഭിച്ചതാണെന്ന അവകാശവാദവുമായി മുഷ്താഖ് രം​ഗത്ത് വന്നെന്നും രാഹുൽ വ്യക്തമാക്കുന്നു. പിന്നീട് പത്ത് വർഷത്തോളം താൻ കലാരം​ഗത്ത് നിന്ന് വിട്ടുനിന്നു. ഇക്കാര്യം എല്ലാവർക്കും അറിവുള്ളതാണെന്നും രാഹുൽ പറയുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളോട് ഇതുവരെ മുഷ്താഖ് ഷെയ്ഖ് പ്രതികരിച്ചിട്ടില്ല. സിനിമാരം​ഗത്ത് നിന്ന് നിരവധി പേരാണ് ലൈം​ഗിക ആരോപണ വിവാദത്തിൽ കുറ്റാരോപിതരായിരിക്കുന്നത്.