ജിദ്ദ: മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കി. റമദാന്‍ മാസം അവസാനിക്കുന്നത് വരെ സഈ നിര്‍വഹിക്കുന്ന ഭാഗത്ത് കര്‍മങ്ങള്‍ക്ക് തടസ്സം ഉണ്ടാകുന്ന രൂപത്തില്‍ നിസ്കാരം അനുവദിക്കില്ല. അതേസമയം ഉംറ യാത്രാ പദ്ധതിക്ക് സൗദി ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി.
മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ തീര്‍ഥാടകര്‍ക്ക് പ്രയാസം കൂടാതെ ഉംറ നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉംറയുടെ ഭാഗമായ സഈ നിര്‍വഹിക്കുന്ന മസ്ആയില്‍ റമദാനില്‍ നിസ്കാരം നിര്‍വഹിക്കുന്നത് തടയാന്‍ മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ നടന്നു കൊണ്ട് നിര്‍വഹിക്കുന്ന കര്‍മമാണ് സഈ. ഈ കര്‍മത്തിന് തടസ്സം ഇല്ലാതിരിക്കാനാണ് ഇവിടെ നിസ്കാരം തടയുന്നത്.
സഈ നിര്‍വഹിക്കുന്ന എല്ലാ നിലകളിലും ഇത് ബാധകമാക്കും. കഅബയേ പ്രദിക്ഷണം വെക്കുന്ന മതാഫില്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നിസ്കാരമല്ലാത്ത നിസ്കാരങ്ങളും റമദാന്‍ ആദ്യം മുതല്‍ അനുവദിക്കുന്നില്ല. ഈ ഭാഗത്തും ഇഫ്താര്‍ സുപ്ര വിരിക്കാനും അനുവദിക്കുന്നില്ല. ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിക്കുന്ന റമദാനില്‍ തവാഫും സഈയും സുഗമമായി നിര്‍വഹിക്കാന്‍ ഇതിലൂടെ സാധിക്കും.
അതേസമയം ഉംറ തീര്‍ഥാടകരുടെ യാത്രാ പദ്ധതിക്ക് സൗദി ശൂറാ കൌണ്‍സില്‍ അംഗീകാരം നല്‍കി. വിദേശ ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ സംബന്ധമായ സമഗ്ര പദ്ധതിയുടെ കരട് രൂപമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്തത്. വ്യോമ, കര, കടല്‍ മാര്‍ഗങ്ങള്‍ വഴിയുള്ള തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സമയബന്ധിതവുമാകാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ പദ്ധതി.
