മക്ക: ഹറം പള്ളിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് മക്കയിലെ വ്യാപാരികളും വ്യവസായികളും. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഉണ്ടായ നഷ്ടം ഈ വര്‍ഷം മുതല്‍ നികത്താനാകുമെന്നാണ് പ്രതീക്ഷ.

മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. എങ്കിലും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യം വെച്ച സൗകര്യങ്ങളെല്ലാം ഇപ്പോള്‍ തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനും കഅബയെ പ്രദിക്ഷണം വെക്കാനും സാധിക്കും. പള്ളിയുടെ ചുമരുകളിലും നിലത്തും കവാടങ്ങളിലുമെല്ലാം മിനുക്ക് പണികള്‍ ഇനിയുമേറെ ബാക്കിയുണ്ട്. എന്നാല്‍ ഇത് പൂര്‍ത്തിയാകാന്‍ കാത്തു നില്‍ക്കാതെ തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുത്തിരിക്കുകയാണ് പള്ളിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും.

കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥിക്കാനുള്ള അവസരം ആയതോടെ ഈ വര്‍ഷം മുതല്‍ വിദേശ തീര്‍ഥാടകരുടേയും ആഭ്യന്തര തീര്‍ഥാടകരുടേയും ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സൗദി. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതോടെ സാമ്പത്തിക രംഗത്തും വലിയ തോതിലുള്ള ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്വാട്ട വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി വ്യാപാര മേഖലയില്‍ ആറായിരം കോടി റിയാലിന്റെ നഷ്ടം ഉണ്ടായതായി മക്ക ചേംബര്‍ ഓഫ് കോമ്മെര്‍സ് ചെയര്‍മാന്‍ മാഹിര്‍ ജമാല്‍ പറഞ്ഞു. ഹോട്ടല്‍ മേഖലയ്ക്കാണ് തീര്‍ഥാടകരുടെ എണ്ണം കൂടുന്നത് കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക. ഗതാഗതം, റെസ്റ്റോറന്റ്, ചില്ലറ വില്പന തുടങ്ങി എല്ലാ മേഖലയ്ക്കും ഈ തീരുമാനം ഉണര്‍വ് ഉണ്ടാക്കും. മുപ്പത് ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഇരുപത് ലക്ഷത്തില്‍ താഴെ തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഹജ്ജിനു അവസരം ലഭിച്ചത്. ഈ വര്‍ഷം മുതല്‍ തീര്‍ഥാടകരുടെ എണ്ണത്തോടൊപ്പം വാണിജ്യ മേഖലയും പഴയ രൂപത്തിലേക്ക് തിരിച്ചു വരുമെന്നാണ് വിലയിരുത്തല്‍.