രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകൾ സലാലയിലേക്ക് തിരിച്ചു
മസ്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട മെക്കുനു കൊടുങ്കാറ്റ് ഇന്ന് രാത്രിയോടെ ഒമാൻ തീരത്ത് പ്രവേശിക്കും. പ്രാദേശിക സമയം രാത്രി ഒൻപതിനും പത്തിനും ഇടയിൽ കൊടുങ്കാറ്റ് സലാലയിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.
നിലവിൽ സലാലയിൽ നിന്നും 75 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിന്റെ സ്ഥാനമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരത്തോട് അടുക്കുമ്പോൾ കാറ്റിന്റെ ശക്തി കൂടുതൽ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുത് എന്ന് സലാല ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. സലാലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം ഇതിനോടകം അടച്ചു കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടുങ്കാറ്റ് നാശം വിതച്ചേക്കും എന്ന പ്രവചനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യന് നാവിക സേനയുടെ ഐ.എന്.എസ് ദീപക്, ഐ.എന്.എസ് കൊച്ചി എന്നീ കപ്പലുകൾ മുംബൈയില് നിന്നും സലാലയിലേക്ക് തിരിച്ചതായി ഇന്ത്യൻ എംബസ്സി അറിയിച്ചു.
ഹെലിക്കോട്പടര് ഉള്പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന് നാവികസേനയുടെ കപ്പലുകള് വരുന്നത്.
