ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് മാധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് മാധ്യമങ്ങൾക്ക് വിലക്ക്. രാജഗോപാലും ഓർത്തഡോക്സ് സഭാ മേധാവിയുമായുള്ള കൂടിക്കാഴ്ച ചിത്രീകരിക്കാൻ അനുമതിയില്ലെന്ന് സഭ അറിയിച്ചു. സ്വകാര്യ സന്ദർശനമായതിനാൽ അനുവദിക്കാൻ കഴിയില്ലെന്നാണ് സഭാ പിആർ പറയുന്നത്. സ്വഭാവദൂഷ്യത്തിന് വൈദികർക്കെതിരെയുള്ള പരാതി നിലനിൽക്കേയാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുമ്പസാരരഹസ്യം മുതലാക്കി ഭാര്യയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ യുവതിയുടെ ഭർത്താവ് നൽകിയ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുന്പമൺ, ദില്ലി ഭദ്രാസനത്തിലെ ഒരോ വൈദികരെയം താല്ക്കാലികമായി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. 

ഉന്നത ഇടപെടലും മാനഹാനിയും ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്നും വൈദികർക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഓർത്തഡോക്സ് സഭ പ്രത്യേകം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വൈദികർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും സഭ നേതൃത്വം അറിയിക്കുകയും ചെയ്തു. എന്നാല്‍ കുറ്റക്കാരായ വൈദികര്‍ ഇപ്പോഴും സഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുവാവ് ആരോപിച്ചിരുന്നു.