കൊച്ചി: അഭിഭാഷകരും മാദ്ധ്യമങ്ങളുമായുള്ള സംഘർഷം മൂർച്ഛിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്ന് ആൾ ഇൻഡ്യാ ലോയേഴ്സ് യൂണിയൻ. കോടതികളിൽ മാദ്ധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.അത് തടസ്സപ്പെടാതിരിക്കാൻ ലോയേഴ്സ് യൂണിയൻ അംഗങ്ങളായ അഭിഭാഷകർ രംഗത്ത് വരണമെന്നും യൂണിയൻ സംസ്ഥാന സെക്രട്ടറി ബി.രാജേന്ദ്രൻ അറിയിച്ചു.
അഭിഭാഷകരും മാധ്യമങ്ങളുമായുളള സംഘർഷം വികാരതലത്തിലേക്ക് വളർത്തി തർക്കം പരിഹരിക്കാതിരിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ആസൂത്രിത നീക്കം നടത്തുകയാണെന്ന് ആൾ ഇൻഡ്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബി.രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികൾ നിയന്ത്രിക്കുവാൻ ലോയേഴ്‌സ് യൂണിയൻ പ്രവർത്തകർ മുൻകയ്യെടുക്കണം. ജുഡീഷ്യറിയുടേയും മാദ്ധ്യമങ്ങളുടേയും അകൽച്ച ഛിദ്രശക്തികൾ ദുരുപയോഗപ്പെടുത്തുന്നു. കേസ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമപ്രവർത്തകർക്ക് കോടതികളിൽ എത്തുന്നതിന് അവകാശമുണ്ട്. വാർത്തകൾ നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുവാൻ ബാധ്യതയുമുണ്ട്.
അഭിഭാഷകരിൽ ഒറ്റപ്പെട്ടുകാണുന്ന മൂല്യച്യുതി തടയുന്നതിന് മുതിർന്ന അഭിഭാഷകരും സംഘടനകളും മുൻകയ്യെടുക്കണം. കഴിഞ്ഞുപോയ സംഭവങ്ങൾ പോസ്റ്റുമോർട്ടം നടത്തി പ്രശ്‌നം സങ്കീർണ്ണമാക്കരുത്.ബന്ധപ്പെട്ട കോടതികളിലെ ന്യായാധിപർ മുൻകയ്യെടുത്ത് ഇരുകൂട്ടരുമായി ചർച്ചനടത്തി തുടർന്ന് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണം.ലോയേഴ്‌സ് യൂണിയൻ പ്രവർത്തകർ മുൻകയ്യെടുത്ത് വരും ദിവസങ്ങളിൽ എല്ലാ കോടതികളിലും മാദ്ധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബി.രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.
