തിരുവനന്തപുരം: രാജ്യത്തിന്‍റെ തലസ്ഥാനമായ ദില്ലിയുടെ ഭരണം ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പിടിച്ചെടുത്താണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഏവരെയും ഞെട്ടിച്ചത്. അഴിമതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഭരണത്തിലേറിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ മത്സരിച്ച് കരുത്ത് കാട്ടാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഹരിയാനയിലും പഞ്ചാബിലും പോരാട്ടം കാഴ്ചവച്ചെങ്കിലും മറ്റിടങ്ങളില്‍ ചലനം പോലും ഉണ്ടാക്കാന്‍ സാധിച്ചില്ല.

കേരളത്തിലും മറിച്ചല്ല അവസ്ഥ. പുരോഗമന ആശയങ്ങളോടും വികസനകാഴ്ചപ്പാടിനോടും എന്നും ചാഴ്വ് കാട്ടിയിട്ടുള്ള കേരള ജനത പക്ഷെ ആം ആദ്മിയുടെ തത്വ ശാസ്ത്രങ്ങള്‍ ഏറ്റെടുത്തില്ല.  സാറാ ജോസഫ്, സിആർ നീലകണ്ഠന്‍, എം എൻ കാരശ്ശേരി തുടങ്ങി  എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയില്‍ ചര്‍ച്ചയാകുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ആം ആദ്മിക്ക് സാധിച്ചില്ല.

ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും കേരളത്തിലും ശക്തിപ്രാപിക്കാനുമായി സംസ്ഥാന ഘടകത്തല്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് ആപ്പ് തയ്യാറായിരിക്കുന്നത്. യുവത്വത്തിന്‍റെ പ്രസരിപ്പുള്ള നേതൃത്വത്തിലേക്ക് എഎപി കേരളത്തില്‍ മാറുകയാണ്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പി ടി യെയാണ് ആംആദ്മി കേരള ഘടകത്തെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കേവലം 29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ദിവസം എഎപി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എഎപിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.

കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.  തെഹൽക്കയിലൂടെയാണ് മാധ്യമ മേഖലയില്‍ സാന്നിധ്യമറിയിച്ചത്.  ജയരാജിന്‍റെ ഒറ്റാല്‍ എന്ന സിനിമയിലടക്കം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാസികയായഔട്ട്ലുക്കിൽ സീനിയർ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി.