തിരുവനന്തപുരം: ഫീസ് കുത്തനെ കൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവുവന്നതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ വന്‍തുക വീണ്ടും കണ്ടെത്തേണ്ട സ്ഥിതിയായി. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് എല്ലാറ്റിനും കാരണമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. നീറ്റ് വന്നെങ്കിലും മെറിറ്റ് മാത്രം പോരെ പണമില്ലാതെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കാനാകില്ലെന്ന ഗുരുതരസ്ഥിതി. നേരത്തെ നിശ്ചയിച്ച 5 ലക്ഷം ഏകീകൃത ഫീസ് തന്നെ താങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയിലാണ് ഒറ്റയടിക്ക് 11 ലക്ഷമായി ഫീസ് ഉയര്‍ന്നത്.

18 ന് രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ സാധാരണക്കാരായ കുട്ടികളും രക്ഷിതാക്കളും കടുത്ത പ്രതിസന്ധിയിലായി. ഹൈക്കോടതി ഇനി അന്തിമവിധിയില്‍ എന്‍്ത് പറയുമെന്ന ആശങ്കയും ബാക്കി. തുടക്കം മുതല്‍ കൃത്യമായ തീരുമാനം എടുക്കാന്‍ വൈകിയ സര്‍ക്കാറും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ആദ്യം നിശ്ചയിച്ച അഞ്ചര ലക്ഷം വിമര്‍ശനത്തെ തുടര്‍ന്ന് അഞ്ചാക്കി. ഓര്‍ഡിനന്‍സ് പുതുക്കാന്‍ വൈകി. രാജേന്ദ്ര ബാബു കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം പോലും ആദ്യ കൃത്യമായി നിശ്ചയിച്ചില്ല.

ഏകീകൃതഫീസ് എന്ന് പറയുമ്പോഴും മൂന്ന് കോളേജുകളുമായി പലതരം ഫീസില്‍ കരാറും ഒപ്പിട്ടും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം ആദ്യഘട്ട അലോട്ട്മെന്റില്‍ സ്വാശ്രയ കോളേജുകളെ കൂടി ഉള്‍പ്പെടുത്തിയെങ്കില്‍ അഞ്ച് ലക്ഷം രൂപക്കെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമായിരുന്നു. സര്‍ക്കാറും മാനേജ്മെന്റുകളും തമ്മില്‍ ഒത്തുകളിച്ചുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമസഭ തുടരുന്ന സാഹചര്യത്തില്‍ സ്വാശ്രയ പ്രശ്നം കൂടുതല്‍ സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ആരോഗ്യമന്ത്രിയാകട്ടെ ഗുരുതരസ്ഥിതിയില്‍ ഒന്നും പ്രതികരിക്കുന്നുമില്ല.