പന്തിപ്പോൾ മാനേജ്മെന്‍റുകളുടെ കോർട്ടിലാണ്. മുഴുവൻ സീറ്റുമേറ്റെടുത്ത സർക്കാരിന് കിട്ടിയത് കനത്ത തിരിച്ചടി. സർക്കാരുമായി ഇനി സഹകരണം വേണ്ടെന്ന് ഒരു വിഭാഗം മാനേജ്മെന്‍റുകൾക്ക് അഭിപ്രായമുണ്ട്. എന്നാൽ അനുകൂല ഉത്തരവുണ്ടായെങ്കിലും സർക്കാരുമായി ധാരണ വേണമെന്നാണ് ഭൂരിഭാഗം മാനേജ്മെന്‍റുകളുടെയും നിലപാട്.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാനേജ്മെന്‍റ് ക്വോട്ടയിൽ മാനേജ്മെന്‍റുകൾക്ക് പ്രവേശനം നടത്താം.എന്നാൽ മെറിറ്റിലാണ് ആശയക്കുഴപ്പം. എത്ര കോളേജുകളിൽ പകുതി സീറ്റ് വിട്ടുകൊടുക്കും, മെറിറ്റ് സീറ്റിലെ ഫീസ് എന്നിവയെല്ലാം തുടർചർച്ചയിലൂടെ തീരുമാനിക്കണം.ഏകീകൃത ഫീസ് വേണമെന്ന ആവശ്യത്തിൽ മാനേജ്മെന്‍റുകൾ ബലം പിടിക്കാൻ സാധ്യതയുണ്ട്. 

അപ്പീൽ പോകേണ്ടെന്ന സർക്കാർ തീരുമാനം സമവായത്തിനുള്ള സൂചനയാണ്. തുടർചർച്ചകളിലൂടെ അടിയന്തരമായി ധാരണയിലെത്തിയില്ലെങ്കിൽ പ്രവേശനം കാത്തിരിക്കുന്ന വിദ്യാർത്ഥികളാകും വലയുക. സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യഘട്ട അലോട്ട്മെന്‍റ് മാത്രമാണ് ഇത് വരെ പൂർത്തിയായിരിക്കുന്നത്. സെപ്റ്റംബർ 30 ന് മുൻപായി എല്ലാ പ്രവേശന നടപടികളും പൂർത്തിയാക്കണമെന്നാണ് മെഡിക്കൽ കൗൺസിലിന്‍റെ നിർദ്ദേശം.