ചികിത്സാപിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്ന് പരാതി

ഇടുക്കി: ചികിത്സാപിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്ന് പരാതി. കുടുംബാസൂത്രണത്തിന്റെ ഭാഗമായി മറയൂരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത വീട്ടമ്മ മരിച്ചുവെന്നാണ് ബന്ധുകള്‍ പൊലീസില്‍ പരാതി നല്‍കിയത്. മറയൂരില്‍ താമസിച്ചു വരുന്ന ചട്ടമൂന്നാര്‍ സ്വദേശി രാജ് കുമാറിന്റെ ഭാര്യ ശാന്തി (36) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

മേയ് 26 ന് അടിമാലി താലൂക്ക് ആശുപതിയില്‍ നിന്ന് എത്തിയ സംഘം മറയൂര്‍ സാമൂഹ്യ അരോഗ്യ കേന്ദ്രത്തില്‍ വച്ച് കുടുംബാസൂത്രണ ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പില്‍ പെങ്കെടുത്ത് ട്യുബക്ടമി ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അന്നേ ദിവസം തന്നെ വീട്ടിലേക്ക് മടക്കി അയച്ചു. അടുത്ത ദിവസം മുതല്‍ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മൂത്ര തടസ്സം നേരിടുകയും ചെയ്തു.

തുടര്‍ന്ന് മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടി മടങ്ങിയെങ്കിലും വൈകുന്നേരത്തോടെ രോഗം ഗുരുതരമായതിനാല്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും മാറ്റി. ഡയാലിസിസ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസം രാവിലെ മരണപ്പെടുകയായിരുന്നു. ബന്ധുക്കള്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പീരുമേട് പാമ്പനാര്‍ സ്വദേശിനിയാണ് മരണപ്പെട്ട ശാന്തി . മക്കള്‍ കാവ്യ (5) ശിവന്യ (1).