തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധികൃതരുടെ ചികിത്സാ നിഷേധം കാരണം ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കടയ്ക്കല്‍ സ്വദേശി സുബിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇനി ഇത്തരത്തില്‍ ഒരു സംഭവം പോലും ആവര്‍ത്തിക്കില്ല എന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പ്രസ്താവനകള്‍ ഇറക്കി മാസങ്ങള്‍ പിന്നിടുമ്പോള്‍ അതെ ആശുപത്രിയില്‍ നിന്ന് തന്നെ സമാനമായ മറ്റൊരു സംഭവവും പുറത്തു വരുന്നത്.
മെഡിക്കല്‍ കോളജ് ചികിത്സ നിഷേധിച്ചാലും കൂട്ടുകാര്‍ക്ക് സുബിനെ തിരിച്ചുവേണം
ചാക്കയിലെ അനന്തപുരി ആശുപത്രി വെന്റിലേറ്ററില്‍ കഴിയുന്ന സുബിന്റെ ചികിത്സ ചിലവിനത്തില്‍ അഞ്ച്് ലക്ഷം രൂപയ്ക്ക് മേലെ ബില്ലാകുമെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. ഇതുവരെയായി രണ്ട് ലക്ഷം രൂപയുടെ ബില്ല് ഇപ്പോള്‍ തന്നെയായി. ഒന്നര ലക്ഷത്തോളം രൂപ സുബിന്റെ സുഹൃത്തുകള്‍ പലയിടത്തുനിന്നായി പിരിച്ചു നല്‍കി. പത്തു ദിവസമായി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്ന തങ്ങളുടെ പ്രിയ സുഹൃത്തിനെ വീണ്ടെടുക്കാനായി ബാക്കി പണം കണ്ടെത്താന്‍ നെട്ടോട്ടം ഓടുകയാണ് സുബിന്റെ കൂട്ടുകാര്‍. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്ന ആവശ്യം ഉയരുകയാണ്.
സുബിന്റെ പിതാവും സുഹൃത്തുകളുമാണ് ആശുപത്രിയില്‍ കാര്യങ്ങള്‍ നോക്കുന്നത്. തങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ സുബിന് മനസിലാക്കാന്‍ കഴിയുന്നുണ്ടെന്ന് സുഹൃത്ത് അനന്തന്‍ പറഞ്ഞു. ഇടയ്ക്ക് തങ്ങളുടെ സംസാരം കേട്ട് സുബിന്‍ ചെറുതായി കൈവിരല്‍ അനക്കിയെന്നും സുഹൃത്തുകള്‍ പറഞ്ഞു. തലയിലെ പരിക്ക് കാരണം സ്വമേധയാ ശ്വാസം എടുക്കാന്‍ സുബിന്റെ ശരീരത്തിന് കഴിയുന്നിലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ സുബിനെ വെന്റിലേറ്ററില്‍ നിന്ന് ഇന്ന് മാറ്റിനോക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുകള്‍ പറഞ്ഞു. തുടര്‍ന്ന് സ്വമേധയാ സുബിന്റെ ശരീരത്തിന് ശ്വാസം എടുക്കാന്‍ കഴിയുമെങ്കില്‍ പിന്നീട് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരില്ല എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. അപകടനില തരണം ചെയ്തിട്ടില്ലാത്തത് കാരണം നാലു ദിവസം കഴിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അനന്തന്‍ പറഞ്ഞു. നിര്‍ധനരായ കുടുംബത്തിന്റെ ഏക ആശ്രയം സുബിനാണ്. സുബിന്‍ കടയ്ക്കാവൂരിലെ ഒരു ഓയില്‍ കമ്പനിയില്‍ ജോലിക്ക് പോയി കിട്ടുന്ന തുച്ചമായ ശമ്പളം കൊണ്ടാണ് അച്ഛനും അമ്മയും ചേച്ചിയും ചേച്ചിയുടെ മകളുമടങ്ങുന്ന കുടുംബം കഴിയുന്നത്.
ഇക്കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് കടയ്ക്കാവൂര്‍ കരിങ്ങോട്ട് വീട്ടില്‍ സുബിന് ബൈക്കപകടത്തില്‍ പരുക്ക് പറ്റുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സുബിനെ വൈകിട്ട് നാലുമണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്.

ആശുപത്രിയിലെത്തി ഒരു മണിക്കൂറിന് ശേഷമാണ് സുബിനെ എക്‌സ്‌റേ എടുക്കാനായി കൊണ്ട് പോയത്. തുടര്‍ന്ന് തീവ്ര പരിചരണം ലഭിക്കേണ്ട സുബിനെ പത്ത് മണികൂറോളം പതിനെട്ടാം വാര്‍ഡില്‍ സാധാരണ രോഗിയെ പോലെയാണ് കിടത്തിയത്. സുബിന്റെ നിലവഷളായതിനെ തുടര്‍ന്ന് ഡോക്ടറോട് ബന്ധപ്പെട്ടപ്പോള്‍ രോഗിയ്ക്ക് അടിയന്തിര ശസ്ത്രക്രിയ വേണമെന്നും എന്നാല്‍ ശസ്ത്രക്രിയ ചെയ്താല്‍ കിടത്താന്‍ ഐസിയുവോ വെന്റിലേറ്ററോ മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നും ഈ അവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ സാധ്യമല്ലെന്ന് പറഞ്ഞതായും സുബിന്റെ സുഹൃത്തുകള്‍ പറഞ്ഞു.ജീവന്‍ രക്ഷിക്കണമെങ്കില്‍ എത്രയും പെട്ടെന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ആബുലന്‍സ് വാടകയ്ക്കെടുത്താണ് സുഹൃത്തുക്കള്‍ സുബിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിച്ചത്. ആബുലന്‍സിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ പിരിവിട്ടാണ് പണം കണ്ടെത്തിയത്. സുബിന്റെ ചികിത്സാ സഹായത്തിന്നായി സുമനസുകള്‍ക്ക് പണം നിക്ഷേപിക്കാനുളള അക്കൗണ്ട് നമ്പര്‍: അനന്തന്‍ സി.ജി., എസ്ബിടി മാമം ആറ്റിങ്ങല്‍ ശാഖ. അക്കൗണ്ട് നമ്പര്‍ 67235303091.സുബിന്‍റെ സുഹൃത്തുക്കളുടെ നമ്പറുകള്‍, അരുണ്‍:97456 12641, അനന്തൻ: 9567480860
