തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമിതയില്‍ ആടിയുലുഞ്ഞ് ബിജെപി നേതൃത്വം. കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് വിശദീകരണം തേടി. അഴിമതിയില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ട്. നാളെ ചേരുന്ന കോര്‍ കമ്മിറ്റിയോഗം വിവാദം ച‍ര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ വന്‍തുക കോഴവാങ്ങിയെന്ന് കണ്ടെത്തല്‍ പുറത്തുവന്നതോടെ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വെട്ടിലായി. പ്രതിപക്ഷം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള മോദി സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെയാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് വിശദീകരണം തേടിയത്.

അഴിമതി ആരോപണത്തെ കുറിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഷായുടെ നിര്‍ദ്ദേശ പ്രകാരം കൂടിയായിരുന്നു കുമ്മനം അന്വേഷണ കമ്മീഷനെ വെച്ചത്. റിപ്പോര്‍ട്ടിനെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ രൂക്ഷമായ ത‍ര്‍ക്കവും നടക്കുകയാണ്. കടുത്ത നടപടി ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നും കിട്ടയത് അന്വേഷിക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.

നാളത്തെ കോര്‍കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. വാര്‍ത്ത കണ്ടെന്നുമാത്രം പറഞ്ഞ് ഒ രാജഗോപാല്‍ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. അന്വേഷണ കമ്മീഷന്‍ അംഗം കെപി ശ്രീശനും കെ.സുരേന്ദ്രനും മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞുമാറി.