തിരുവനന്തപുരം: മെഡിക്കൽ കോഴയിൽ പ്രതികരിക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. അതേസമയം പ്രശ്‍നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി . മെഡിക്കൽ കോളേജുകൾ അനുവദിക്കാൻ ബിജെപി സംസ്ഥാന നേതാക്കൾ വൻതുക കോഴവാങ്ങിയെന്ന കണ്ടെത്തലുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്.
സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കുകയാണ് മെഡിക്കൽ കോളേജ് അഴിമതി. വർക്കല എസ്ആർ മെഡിക്കൽ കോളേജ് ചെയർമാൻ ആർ ഷാജിയിൽ നിന്നും 5 കോടി 60 ലക്ഷം രൂപ കോഴയായി ആർഎസ് വിനോദ് വാങ്ങിയെന്നാണ് കമ്മീഷനോട് സമ്മതിച്ചത്. മെഡിക്കൽ കൗൺസിലിൽ നിന്നും അനുമതി തരപ്പെടുത്താൻ പെരുമ്പാവൂരിലെ മുസ്ലിം ഹവാല ഇടപാടുകാരൻ വഴി ദില്ലിയിലുള്ള സതീഷ് നായർക്ക് നൽകിയെന്നും വിനോദ് സമ്മതിച്ചു. ഇത് തന്റെ ബിസിനസ്സിന്റെ ഭാഗമാണെന്ന വിനോദിന്റെ പരാമർശം അത്ഭുതപ്പെടുത്തിയെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
സതീഷ് നായർ മുമ്പ് ഏത് കോളേജിനാണ് അനുമതി തേടിക്കൊടുത്തതെന്ന ചോദ്യത്തിന്റെ മറുപടിയിലാണ് ആർ ഷാജി ബിജെപി ജനറൽ സെക്രട്ടറി എംടി രമേശിന്‍റെ പേര് പറയുന്നത്. രണ്ട് പേർ തന്നെ സമീപിച്ചിരുന്നുവെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മറുപടി നൽകിയെന്നുമാണ് എംടി രമേശിന്റെ മൊഴി. പണം വാങ്ങി മെഡിക്കൽ കോളേജുകൾക്ക് അനുമതി വാങ്ങി നൽകൽ തന്റെ ബിസിനസ്സിന്റെ ഭാഗമാണെന്നാണ് സതീഷ് നായരുടെ മൊഴി. ഡീലിന് ഉപയോഗപ്പെടുത്ത വ്യക്തികളുടെ പേര് പറയാനാകില്ലെന്നാണ് സതീഷ് നായരുടെ നിലപാട്. കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിൽ ബിജെപി നേതാവായ രാകേഷ് ശിവരാമനും തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങാൻ കൂട്ടുനിന്നുവെന്നും ഷാജി പരാതിപ്പെട്ടിട്ടുണ്ട്. പരാതിക്കാരനെ കണ്ടുവെന്ന് റിച്ചാർഡേ ഹേ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി കണ്ണദാസും മൊഴി നൽകി.
ഗുരുതരമായ അഴിമതി നടന്നുവെന്ന് കണ്ടെത്തിയ കമ്മീഷൻ ഉചിതമായ നടപടി എടുക്കണമെന്നാണ് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് സമർപ്പിച്ച റിപ്പോർട്ടിലാവാശ്യപ്പെടുന്നത്. പരമരഹസ്യമായി പാർട്ടിക്ക് ഷാജി നൽകിയ പരാതിയുടെ പകർപ്പ് പ്രതിസ്ഥാനത്തുള്ള ആർഎസ് വിനോദിന് എങ്ങിനെ ചോർന്നു കിട്ടി എന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്നും കെ പി ശ്രീശനും എ കെ നസീറും ഉൾപ്പെട്ട കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ആരോടും പണം വാങ്ങിയിട്ടില്ലെന്ന് എം ടി രമേശും ആർഎസ് വിനോദും ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. കുമ്മനത്തിനും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം ഗണേഷിനും കെ സുഭാഷിനും ഒരു മാസം മുമ്പ് നൽകിയ റിപ്പോർട്ടിൽ ഇതുവരെ പാർട്ടി നടപടി എടുത്തിട്ടില്ല. അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് വലിയ ചർച്ചയാകുമെന്നുറപ്പാണ്.
