തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ സമഗ്ര അഴിച്ചുപണിക്ക് സാദ്ധ്യത. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എം.ടി രമേശ് അമിത്ഷാക്ക് പരാതി നല്‍കും. കടുത്ത വിഭാഗീയതക്കിടെ നാളെ സംസ്ഥാന ഭാരവാഹി യോഗവും ചേരുന്നുണ്ട്. അതിനിടെ അഴിമതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

കേന്ദ്ര സര്‍ക്കാറിനെപ്പോലും പ്രതിരോധത്തിലാക്കും വിധം കേരളത്തില്‍ നിന്ന് ഉയര്‍ന്ന കോഴ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. വിഭാഗീതക്ക് പുറമെ അഴിമതി ആരോപണം കൂടി കടുത്തതോടെ സമഗ്ര അഴിച്ച് പണിക്കും കളമൊരുങ്ങുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം കോഴക്കഥ കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നുമാണ് ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ നിലപാട്. ഇക്കാര്യം അമിത് ഷായെ നേരില്‍ കണ്ട് അറിയിക്കും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ 70 മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബി.ജെ.പി കോഴ കൈപ്പറ്റിയിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. അഴിമതിയും ഹവാലയും നടക്കുന്നത് കേന്ദ്ര ഭരണത്തിന്റെ തണലിലാണെന്നും സംഭവത്തില്‍ ദേശീയ നേതാക്കള്‍ക്കും പങ്കുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കോഴ ആരോപണത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടി, ഒന്നര മാസത്തിന് ശേഷവും നടപടി എടുക്കാത്ത സംസ്ഥാന നേതൃത്വം പ്രതിരോധത്തിലാണ്. ഒരു പാര്‍ട്ടി ഫോറത്തിലും ചര്‍ച്ചയായില്ലെന്ന ആക്ഷേപവുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുണ്ട്. വിഭാഗീയത കടുത്ത് നില്‍ക്കെയാണ് ഭാരവാഹിയോഗം നടക്കാനിരിക്കുന്നത്. കൂടുല്‍ അഴിമതി ആക്ഷേപങ്ങള്‍ ഇനിയും പുറത്തുവന്നേക്കുമെന്നും സൂചനയുണ്ട്.