10 ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി രജിസ്റ്ററില്‍ നിന്ന് നീക്കിയത് ഒരു വര്‍ഷത്തേക്ക്​ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനാണ് നടപടി പ്രാക്ടീസ് ചെയ്യാനും ഡോക്ടര്‍ എന്ന് പേരിന് മുന്നില്‍ ചേ‍ർക്കാനുമാകില്ല​

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡോക്ടര്‍മാരുടെ രജിസ്ട്രേഷൻ മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ആശുപത്രിക്ക് അംഗീകാരം ലഭിക്കാന്‍ വ്യാജ രേഖകൾ സമർപ്പിച്ചതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് രജിസ്റ്ററില്‍ നിന്ന് നീക്കിയത്. ആദ്യമായാണ് മെഡിക്കൽ കൗണ്‍സില്‍ ഇത്തരമൊരു നടപടി എടുക്കുന്നത്. 

കണ്ണൂര്‍ മെഡിക്കൽ കോളജിന് അംഗീകാരം കിട്ടാന്‍ അവിടെ ജോലി ചെയ്യുകയാണെന്ന രേഖകള്‍ സമര്‍പ്പിച്ചതിനാണ് നടപടി. മറ്റൊരിടത്ത് ജോലി ചെയ്തുകൊണ്ട് കണ്ണൂർ മെഡിക്കല്‍ കോളജിലും ജോലി ചെയ്യുകയാണെന്ന രേഖകളാണ് ഹാജരാക്കിയത്. ഡോക്ടര്‍മാരായ പി ജി അനന്തകുമാര്‍ , വികെ വല്‍സലൻ , സെബാസ്റ്റ്യൻ സക്കറിയ , നാരായണ പ്രസാദ് , കെ എം അശോകൻ , സി കെ രാജമ്മ , പി.ശ്രീദേവി , കെ വി ശിവശങ്കർ , പി.മുഹമ്മദ് എബ്രഹാം , സിവി ജയരാജൻ എന്നിവരെയാണ് കൗണ്‍സില്‍ രജിസ്റ്ററില്‍ നിന്ന് നീക്കിയത്.

ഒരു വര്‍ഷത്തേക്ക് ഇവർക്കിനി പ്രാക്ടീസ് ചെയ്യാനാകില്ല. പേരിനു മുന്നിൽ ഡോക്ടര്‍ എന്നുപോലും വയ്ക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സിലിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ഡോക്ടര്‍മാരിൽ നിന്നും വിശദീകരണം കേട്ടശേഷമാണ് എത്തിക്സ് കമ്മിറ്റിയുടെ നടപടി. സർക്കാര്‍ മെഡിക്കല്‍ കോളേജുകൾക്ക് അംഗീകാരം കിട്ടാനുള്ള കൗണ്‍സില്‍ പരിശോധനയ്ക്കു മുമ്പ് മറ്റ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെ സർ‍ക്കാര്‍ താല്‍കാലികമായി സ്ഥലംമാറ്റാറുണ്ട്. ഇത്തരം നീക്കത്തിനുകൂടിയാണ് ഈ നടപടി തിരിച്ചടിയായത്.